കണ്ണൂർ:കണ്ണൂരിന് വേണ്ടിയും സംസ്ഥാനത്തിന് വേണ്ടിയും മാത്രമല്ല രാഷ്ട്രത്തിന്റെ ഐക്യത്തിന് വേണ്ടി രാജ്യസഭയിൽ ഒരു ശക്തമായ സ്വരം നമുക്കുണ്ടാവുമെന്ന് അഡ്വ.പി സന്തോഷ് കുമാറിനെ കുറിച്ചോർത്ത് ഉറപ്പിച്ച് പറയാമെന്ന് കണ്ണൂർ രൂപതാ ബിഷപ്പും ഇസ്‌കഫ് ജില്ലാ രക്ഷാധികാരിയുമായ ഡോ. അലക്സ് വടക്കുംതല പറഞ്ഞു. ഇസ്‌കഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യസഭാംഗം അഡ്വ. പി സന്തോഷ് കുമാറിന് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ ബഹളമില്ലാതെയുള്ള രാജ്യസഭയിലേക്കുള്ള അഡ്വ.പി സന്തോഷ് കുമാറിന്റെ വരവ് അദ്ദേഹത്തിന് ഇനിയും വലിയ സാദ്ധ്യതകളിലേക്ക് പോകാനുണ്ടെന്നതിന്റെ സൂചന കൂടിയാണ്. പാർശ്വവത്കരിക്കപ്പെട്ടവരുടെ ജിഹ്വയായി അദ്ദേഹത്തിന് മാറാൻ സാധിക്കട്ടെയെന്നും ബിഷപ്പ് പറഞ്ഞു. ചടങ്ങിൽ ഇസ്‌കഫ് ജില്ലാ പ്രസിഡന്റ് ബി.ജി ധനഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.കെ.ഗംഗാധരൻ നായർ, ബാലകൃഷ്ണൻ കൊയ്യാൽ, മോഹനൻ പൊന്നമ്പേത്ത് , കെ.പ്രമോദ്, രാധാകൃഷ്ണൻ മാണിക്കോത്ത് , ആർട്ടിസ്റ്റ് ശശികല, പി.കെ.പ്രേമരാജൻ, റിട്ട. ഡിവൈ.എസ് .പി .പി സുകുമാരൻ, ജിതേഷ് കണ്ണപുരം, കെ.വി.ഗോപി. എം.ബാലൻ എന്നിവർ സംസാരിച്ചു.