motor
കേന്ദ്ര സർക്കാരിന്റെ ഇന്ധനവില കൊള്ള തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ മോട്ടോർ തൊഴിലാളി പ്രതിഷേധ ദിനത്തിന്റെ ഭാഗമായി എ.ഐ.ആർ.ടി.ഡബ്ലു.എഫ് നേതൃത്വത്തിൽ തൊഴിലാളികൾ കണ്ണൂരിൽ വാഹനങ്ങൾ റോഡിൽ കെട്ടിവലിച്ച് പ്രതിഷേധിക്കുന്നു

കണ്ണൂർ: മോട്ടോർ തൊഴിലാളി ദേശീയ പ്രതിഷേധ ദിനത്തിൽ ഹെഡ് പോസ്​റ്റോഫിസിലേക്ക് എ.ഐ.ആർ.ടി.ഡബ്ല്യൂ.എഫ് മോട്ടോർ കോൺഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ മോട്ടോർ തൊഴിലാളികൾ മാർച്ച് നടത്തി. ഓട്ടോ, ടാക്‌സി, സ്വകാര്യ ബസ്, ലോറി, കെ.എസ്.ആർ.ടി.സി, ഓട്ടോ കൺസൾട്ടന്റ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലയിലെ തൊഴിലാളികൾ ഓട്ടോറിക്ഷയും ടാക്‌സി കാറും നഗരത്തിലൂടെ കെട്ടിവലിച്ചാണ് മാർച്ച് നടത്തിയത്. പെട്രോൾ ഡീസൽ വിലക്കയ​റ്റം തടയുക, വില നിർണയം കേന്ദ്ര സർക്കാർ ഏ​റ്റെടുക്കുക, വർധിപ്പിച്ച ഫി​റ്റ്‌നസ്, റീ രജിസ്ട്രഷൻ ഫീസ് ഒഴിവാക്കുക, ഓട്ടോറിക്ഷകൾക്ക് ഹരിത ടാക്‌സ് ചുമത്തിയ സംസ്ഥാന സർക്കാർ നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
സംസ്ഥാന കമ്മി​റ്റി അംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. എം.സി. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. മോട്ടോർ കോൺഫെഡറേഷൻ ജില്ലാ കൺവിനർ കെ. ജയരാജൻ, ഓട്ടോ ടാക്‌സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ശ്രീധരൻ, വി.കെ. ബാബു രാജ് എന്നിവർ പ്രസംഗിച്ചു.