പിലിക്കോട്: അപ്രതീക്ഷിതമായി ഇടവിട്ട് പെയ്ത വേനൽ മഴ കൊയ്ത്തു കഴിഞ്ഞ ഏക്കർ കണക്കിന് നെൽവയലുകളിലെ വൈക്കോലുകൾ നശിക്കാനിടയാക്കി. പിലിക്കോട് പഞ്ചായത്തിലെ മലപ്പ് - പാടാളം പാടശേഖരം, ചെറുവത്തൂർ, ചീമേനി തുടങ്ങിയ നെൽവയലുകളിൽ കർഷകരുടെ വരുമാനത്തെ ബാധിക്കുന്ന വിധത്തിൽ കഷ്‌ട നഷ്ടങ്ങൾ ഉണ്ടായി. കഴിഞ്ഞ ആഴ്ചയാണ് തൃക്കരിപ്പൂർ, പിലിക്കോട്, ചെറുവത്തൂർ ഭാഗങ്ങളിൽ ഇടവിട്ട ദിവസങ്ങളിൽ സാമാന്യം ശക്തമായ രീതിയിൽ മഴ പെയ്തത്.

ഇതിന് തൊട്ടു മുൻപാണ് വയലുകളിൽ കൊയ്ത്തു കഴിഞ്ഞത്. മലപ്പ് - പാടാളം പാടശേഖരത്തിൽ മാത്രം 30 ഏക്കറയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വിശാലമായ വയലുകളാണ്. യന്ത്രമുപയോഗിച്ചാണ് ഇവിടെയൊക്കെ കൊയ്ത്തു നടക്കുന്നത്. കൊയ്ത്തു സമയത്ത് നെല്ല് ശേഖരിക്കുന്നതോടൊപ്പം വയലിൽ തന്നെ നിക്ഷേപിക്കുന്ന വൈക്കോൽ തൊട്ടടുത്ത ദിവസങ്ങളിൽ മറ്റൊരു യന്ത്രത്തിന്റെ സഹായത്തോടെ റോളാക്കിയെടുക്കുകയാണ് പതിവ്. എന്നാൽ ഇത്തവണ മഴ ചതിച്ചു.

കൊയ്ത്തു കഴിഞ്ഞ അടുത്ത ദിവസം മഴ പെയ്തു. വൈക്കോൽ വെള്ളത്തിനടിയിലായി. ഇത് ശേഖരിക്കാൻ കഴിയാത്തവിധം ചെളിയിൽ പൂണ്ടു.

ഒരു ഏക്കർ വയൽ കൊയ്താൽ 25000 രൂപ വിലക്കുള്ള വൈക്കോൽ ലഭിക്കും. കൃഷി ചെലവുകൾ തിരിച്ചുപിടിക്കാൻ ഇത് കർഷകന് ആശ്വാസമാകേണ്ടതായിരുന്നു.

ക്ഷീര കർഷകർക്കും തിരിച്ചടി

വൈക്കോൽ നശിച്ചത് ക്ഷീര കർഷകർക്കും തിരിച്ചടിയായി. സാധാരണയായി വലിയപറമ്പ, ചീമേനി തുടങ്ങിയ പഞ്ചായത്തുകളിൽ ക്ഷീര കർഷകർ തീറ്റ പുല്ലിനായി പിലിക്കോട് പ്രദേശത്തെ നെൽക്കൃഷിയെയാണ് ആശ്രയിക്കുന്നത്. ഇത്തവണ മഴ ചതിച്ചതോടെ തീറ്റപ്പുല്ലിന് ക്ഷാമം നേരിടുന്നതിനൊപ്പം വിലയും കൂടും.

കഴിഞ്ഞ വർഷത്തെ കാലവർഷം നീണ്ടുനിന്നതാണ് പ്രശ്നമായത്. ഡിസംബർ വരെ മഴ പെയ്തത് കാരണം കൃഷിയിറക്കാൻ വൈകി. അതുകാരണം കൊയ്യാനും വൈകി.

എം. തമ്പാൻ, നെൽകർഷകൻ, പിലിക്കോട്