കാഞ്ഞങ്ങാട്: മലബാർ മാംഗോ ഫെസ്റ്റ് ‘മധുരം-2022’ മേയ് 13, 14, 15 തീയതികളിൽ കാർഷിക കോളേജ് ക്യാമ്പസിൽ നടത്തുവാൻ തീരുമാനമായി. കൊവിഡ് മൂലം രണ്ടു വർഷങ്ങളായി മുടങ്ങിയ ഫെസ്റ്റിന്റെ ഈ വർഷത്തെ സുതാര്യമായ നടത്തിപ്പിനായി കോളേജ് ഡീൻ ഡോ. മിനി പി.കെ. യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു. വിദ്യാർത്ഥി പ്രതിനിധി മുഹമ്മദ് സുഹൈൽ മാംഗോ ഫെസ്റ്റിന്റെ സ്റ്റുഡന്റ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ, തൊഴിലാളി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഡോ. മിനി പി.കെ, ഡോ. ശ്രീകുമാർ കെ.എം., ഡോ. സജീഷ് പി.കെ എന്നിവർ സംസാരിച്ചു. മാമ്പഴങ്ങളുടെ വൈവിദ്ധ്യവും മാധുര്യവും ജനങ്ങളിൽ എത്തിക്കുക എന്നതാണ് ഫെസ്റ്റിന്റെ പ്രധാന ലക്ഷ്യം. തെങ്ങ്, കവുങ്ങ്, മാവ്, കുരുമുളക്, മറ്റ് ഫല വർഗ്ഗങ്ങൾ എന്നിവയുടെ തൈകൾ, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വിപണണ മേള, സെമിനാർ, പ്രദർശനം, കാർഷിക പരിശീലനം, മറ്റ് വിപണന സ്റ്റാളുകൾ എന്നിവയും ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് പരിപാടി. ഫോൺ: 6282269388, 8921354953.