പഴയങ്ങാടി: പയ്യന്നൂരിൽ നിന്ന് പഴയങ്ങാടി വഴി കണ്ണൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകൾ പൂർണ്ണമായും അവസാനിപ്പിച്ചു. നാല് വർഷം മുമ്പ് തുടങ്ങിയ സർവീസാണ് ഇപ്പോൾ നിർത്തിവച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ഏറേ പ്രതീക്ഷയോടെ ആരംഭിച്ച സർവീസുകളാണിത്.
പയ്യന്നൂർ ഡിപ്പോയിൽ നിന്ന് നാല് ബസുകളും കണ്ണൂർ ഡിപ്പോയിൽ നിന്ന് ആറ് ബസുകളും ഉൾപ്പെടുത്തി 10 ബസുകൾ ഉപയോഗിച്ച് ഓരോ 15 മിനുട്ട് കൂടുമ്പോഴും സർവീസ് നടത്തുകയായിരുന്നു ലക്ഷ്യം. ദേശീയപാത വഴി തളിപ്പറമ്പിലൂടെ പോകുന്നതിനേക്കാൾ അഞ്ചു കിലോമീറ്ററിന്റെയും ബസ് നിരക്കിൽ മൂന്നു രൂപയുടെയും കുറവു വരുന്നതോടെ കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്കുള്ളതും തിരിച്ചുമുള്ള കൂടുതൽ യാത്രക്കാർ സർവീസിനെ ആശ്രയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.
ജില്ലയിൽ ഏറ്റവും തിരക്കേറിയ റൂട്ടായിരുന്നു കണ്ണൂർ -പഴയങ്ങാടി -പയ്യന്നൂർ. 1976ൽ പഴയങ്ങാടി പാലം നിർമ്മിച്ചതുമുതൽ ഈ റൂട്ട് ദേശസാൽക്കരിക്കാൻ നടപടി സ്വീകരിച്ചിരുന്നു. വിജ്ഞാപനമിറങ്ങിയില്ലെങ്കിലും തുടർന്ന് കെ.എസ്.ആർ.ടി.സി ബസുകളായിരുന്നു കൂടുതൽ സർവീസ് നടത്തിയിരുന്നത്.
ജീവനക്കാരുടെ കുറവും, ബസ് സർവീസ് നഷ്ട്ടത്തിലാണെന്നും പറഞ്ഞ് ഘട്ടം ഘട്ടമായി ചെയിൻ സർവീസുകൾ കൊവിഡ് കാലത്തിന് മുമ്പെ നിർത്തലാക്കിയിരുന്നു. പയ്യന്നൂർ, കണ്ണൂർ ഡിപ്പോകളിൽ നിന്നും നിലവിൽ ഒരു ബസ് മാത്രമാണ് സർവീസ് നടത്തി വരുന്നത്. തിരുവനന്തപുരത്ത് നിന്ന് രാത്രി 11 മണിക്ക് കണ്ണൂരിൽ എത്തിച്ചേരുന്ന ട്രെയിൻ യാത്രക്കാർക്കായി ആരംഭിച്ച കണ്ണൂർ-പഴയങ്ങാടി- കാഞ്ഞങ്ങാട് സർവ്വീസ്, പയ്യന്നൂർ ഡിപ്പോയിൽ നിന്നും രാവിലെ 5 മണിക്ക് ആരംഭിച്ച് പഴയങ്ങാടി വഴി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ രാവിലെ 6 മണിക്ക് എത്തിച്ചേരുന്ന സർവീസ് എന്നിവയും നിർത്തിയിട്ട് മാസങ്ങളായി.
കൂടുതൽ സർവീസുകൾ നിർത്തി
മാടായിക്കാവ് - കാസർകോട് സർവീസ്, പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും രാവിലെ മാവേലി എക്സ്പ്രസ് ട്രെയിനിൽ എത്തി ചേരുന്നവർക്കുവേണ്ടി ആരംഭിച്ച സർവീസ്, കൂടാതെ നിരവധിയായ ഗ്രാമീണ സർവീസുകൾ ഉൾപ്പെടെ നിർത്തലാക്കിയിരിക്കുകയാണ്. ഈ സർവ്വീസുകളെ ആശ്രയിക്കുന്ന നിരവധിയായ യാത്രക്കാർ ഏറെ ദുരിതത്തിലാണ്.
എം.എൽ.എ നിവേദനം നല്കി
യാത്രക്കാർക്ക് ഏറേ ഉപകാരപ്രദമായി ഉപയോഗിച്ചു വന്ന സർവീസുകൾ ആണ് നിർത്തിലാക്കിയിരിക്കുന്നത്. കണ്ണൂർ - പഴയങ്ങാടി - പിലാത്തറ - പയ്യന്നൂർ റൂട്ടിൽ നിർത്തലാക്കിയ മുഴുവൻ കെ.എസ്.ആർ.ടി സി ബസ് സർവീസുകളും പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എം. വിജിൻ എം.എൽ.എ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നിവേദനം നൽകി.