കണ്ണൂർ: ഈ വർഷത്തെ മയിൽപ്പീലി പുരസ്‌കാരം, മേയ് ഒന്ന് രാവിലെ 10 മണിക്ക്, കണ്ണൂർ സാധു കല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ വച്ച് സമർപ്പിക്കും. കൃഷ്ണ ജ്വൽസും ശിവോഹം ടെമ്പിൾ ഒഫ് കോൺഷ്യസ്‌നെസ്സ് ട്രസ്റ്റും കലാസാഹിത്യ സംഗീത രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സർഗ്ഗപ്രതിഭകൾക്കാണ് വർഷം തോറും മയിൽപ്പീലി പുരസ്‌കാരം നൽകി ആദരിക്കുന്നത്. ഡോ: രാജശ്രീ വാര്യർ (നർത്തകി), ഡോ: വൈക്കം വിജയലക്ഷ്മി (പിന്നണി ഗായിക), ജെറി അമൽദേവ് (സംഗീത സംവിധായകൻ), ഹരിഹരൻ (സംവിധായകൻ) എന്നിവർക്കാണ് ഈ വർഷത്തെ പുരസ്‌കാരം സമർപ്പിക്കുന്നത്.

വിവിധ മേഖലകളിൽ കർമ്മമുദ്ര പതിപ്പിച്ച വ്യക്തികൾക്കായുള്ള കർമ്മയോഗി പുരസ്‌കാരവും ചടങ്ങിൽ വച്ച് സമർപ്പിക്കും. അഡ്വ: കെ.കെ. ബലറാം (ലീഗൽ ജസ്റ്റിസ്), ആർക്കിടെക്ട് കെ. ദാമോദരൻ (സിവിൽ എൻജിനിയർ), ഡോ: ടി.വി. ശ്രീജിത്ത് (ആയുർവേദം) എന്നിവർക്കാണ് ഈ വർഷം കർമ്മയോഗി പുരസ്‌കാരം സമർപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി. പത്മനാഭൻ മുഖ്യാതിഥിയായിരിക്കും. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്‌സൺ ഡോ: കെ.വി. ഫിലോമിന ആമുഖഭാഷണം നടത്തും. ഇതുവരെ 33 പേർക്കാണ് മയിൽപ്പീലി പുരസ്‌കാരം സമർപ്പിച്ചിട്ടുള്ളത്. വടക്കേ മലബാറിലെ സാംസ്‌കാരിക നവോത്ഥാനം ഒരു സാമൂഹിക പ്രതിബദ്ധതയാണെന്നും ഇത്തരം പുരസ്‌കാരങ്ങൾ മേഖലയിലെ സർഗ്ഗാത്മകമായ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും കൃഷ്ണ ജ്വൽസ് മാനേജിംഗ് ഡയറക്ടറും മയിൽപ്പീലി പുരസ്‌കാര സമിതി മുഖ്യരക്ഷാധികാരിയുമായ ഡോ: സി.വി. രവീന്ദ്രനാഥ് പറഞ്ഞു.