award
കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങിൽ ഐ.വി. ദാസ് പുരസ്കാരം ജോൺ ബ്രിട്ടാസ് എംപിയിൽ നിന്നും എം. മുകുന്ദൻ സ്വീകരിക്കുന്നു.

കോഴിക്കോട്: ഡൽഹിയിൽ നിന്നും പോന്നത് നന്നായെന്ന് എം.മുകുന്ദൻ. സൗഹാർദ്ദത്തിന്റെ ഡൽഹി ഭയപ്പാടിന്റെ ഡൽഹിയാണിന്ന്. എന്റെ കാലത്തെ ഡൽഹി മനുഷ്യർക്ക് സ്വതന്ത്ര സഞ്ചാരത്തിന് സാദ്ധ്യമായ ഇടമായിരുന്നു. ഇന്നത് സാദ്ധ്യമല്ലാതായിരിക്കുന്നു. ഐ.വി.ദാസ് പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതമില്ലാതെ, ജാതിയില്ലാതെ ഏതുപാതിരാവിലും കുട്ടികൾക്കും കുടുംബത്തിനുമൊപ്പം സഞ്ചരിക്കാവുന്നതായിരുന്നു ഡൽഹി. ഇപ്പോൾ മത വിദ്വേഷവും സ്പർദ്ധയും നിറഞ്ഞ് കലുഷിതമായിരിക്കുന്നു. പാലക്കാട് എന്റെ അയൽപക്കമാണെന്ന് കരുതി. ഇപ്പോൾ ഞാൻ മനസിലാക്കുന്നു പാലക്കാട് വലതുകരയിലാണെന്ന്. രണ്ട് കൊലപാതകങ്ങൾ നടന്ന ഖസാക്കിന്റെ ഇതിഹാസം പിറന്ന മണ്ണ് ഇന്നത്തെ കാലത്തിന്റെ ദു:ഖമായി മാറുകയാണെന്നും മുകുന്ദൻ പറ‌ഞ്ഞു.

ഐ.വി.ദാസ് സാംസ്‌കാരിക കേന്ദ്രവും കോഴിക്കോട് സദ്ഗമയും ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾ എം.മുകുന്ദനും മാദ്ധ്യമപ്രവർത്തകൻ പി.വി.ജീജോയ്ക്കും ജോൺ ബ്രിട്ടാസ് എം.പി സമ്മാനിച്ചു.കഥകളിലൂടെ കാണാൻ കൊതിക്കുന്ന പഴയ ഡൽഹി മരിച്ചുപോയെന്ന് ജോൺബ്രിട്ടാസ് പറഞ്ഞു. പുരുഷൻകടലുണ്ടി, ബാബു പറശ്ശേരി, കെ.പി.സുധീര, കാനേഷ് പൂനൂർ, പി.വി.ജീജോ, ജോജു സിറിയക് തുടങ്ങിയവർ പ്രസംഗിച്ചു.