പയ്യന്നൂർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് അമൃത് മഹോത്സവ സംഘാടക സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന കേളപ്പജി ഉപ്പ് സത്യഗ്രഹ സ്മൃതി യാത്രയുടെ സമാപന സമ്മേളന പരിപാടികൾ ഇന്നും നാളെയുമായി പയ്യന്നൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഏപ്രിൽ 10ന് കോഴിക്കോട്, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്ത സ്മൃതിയാത്ര

75 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇന്ന് പയ്യന്നൂരിൽ എത്തുന്നത്.

വൈകീട്ട് 5 ന് പെരുമ്പ മുത്തപ്പൻ ക്ഷേത്ര പരിസരത്ത് ആരതി ഉഴിഞ്ഞ് കേളപ്പന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി സ്വീകരിക്കും. തുടർന്ന് ഇരുചക്രവാഹന റാലിയുടെ അകമ്പടിയോടെ ടൗൺ സ്ക്വയറിലേക്ക് ആനയിക്കും. സ്വീകരണ സമ്മേളനത്തിൽ പ്രൊഫ. മുഹമ്മദ് അഹമ്മദ് മുഖ്യഭാഷണം നടത്തും. അഡ്വ. എസ്. സജിത്ത്കുമാർ, അഡ്വ. കെ.കെ. ശ്രീധരൻ, കെ.പി. ഭാസ്കരൻ സംസാരിക്കും. കുട്ടികളുടെ ദേശഭക്തിഗാനങ്ങൾ ഉണ്ടാകും.

23ന് വൈകീട്ട് 3 ന് ഉളിയത്തുകടവിൽ നടക്കുന്ന ഉപ്പുകുറുക്കൽ സ്മൃതിക്ക് പുരവൂർ പി. വിനുകുമാർ, എം.പി. രവീന്ദ്രൻ, എ. രാജഗോപാലൻ, എം.എം രാമകൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നൽകും. തുടർന്ന് ടൗൺ സ്ക്വയറിലേക്ക് ബഹുജനയാത്ര നടക്കും. പൂർവ്വ സൈനികർക്ക് ആദരം, ഓട്ടൻ തുള്ളൽ എന്നീ പരിപാടികൾക്ക് ശേഷം നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി ജനറൽ വി.കെ. സിംഗ് ഉദ്ഘാടനം ചെയ്യും.

സംഘാടക സമിതി ചെയർമാൻ കെ. രാമകഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യ സമരസേനാനി വി.പി. അപ്പുക്കുട്ട പൊതുവാൾ, ശില്പി പ്രശാന്ത് ചെറുതാഴം എന്നിവരെ ആദരിക്കും. പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജക് ജെ. നന്ദകുമാർ മുഖ്യഭാഷണം നടത്തും. പ്രഭാകരൻ പലേരി, കേളപ്പജിയുടെ പൗത്രൻ നന്ദകുമാർ മൂടാടി, പ്രശാന്തബാബു കൈതപ്രം, ടി.കെ. ഈശ്വരൻ തുടങ്ങിയവർ സംബന്ധിക്കും. കേളപ്പന്റെ ജീവിതകഥ ആസ്പദമാക്കി കേരളഗാന്ധി നൃത്തശിൽപവും അരങ്ങേറും.

വാർത്താ സമ്മേളനത്തിൽ കെ. രാമകൃഷ്ണൻ, പ്രശാന്ത് ബാബു കൈതപ്രം, എം.പി. രവീന്ദ്രൻ, അഡ്വ. കെ.കെ. ശ്രീധരൻ, പി. രാജേഷ് കുമാർ സംബന്ധിച്ചു.