kottiyoor

കൊട്ടിയൂർ:കൊട്ടിയൂർ ദേവസ്വവും കൊട്ടിയൂർ പഞ്ചായത്തും ഹരിത കേരള മിഷനുമായി സഹകരിച്ച് ഈ വർഷത്തെ വൈശാഖമഹോത്സവം ഹരിത ഉത്സവമാക്കി മാറ്റാൻ തീരുമാനമായി. ദേവസ്വം ചെയർമാന്റെ ചേമ്പറിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
പ്ലാസ്റ്റിക് ഡിസ്‌പോസബിൾ വസ്തുക്കൾക്ക് ഉത്സവത്തിൽ നിരോധനം ഏർപ്പെടുത്തും. ഒഴിവാക്കപെടുന്ന പ്ലാസ്റ്റിക് വാട്ടർ ബോട്ടിലുകൾ നിക്ഷേപിക്കാൻ പഞ്ചായത്ത് നേതൃത്വത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കും. ജൈവഅജൈവമാലിന്യങ്ങൾ ഹരിതകർമ്മസേനയെയും ശുചിത്വതൊഴിലാളികളെയും ഉപയോഗിച്ച് അതാത് ദിവസം ശേഖരിക്കും. പഞ്ചായത്ത് കവാടങ്ങളിലും ക്ഷേത്രപരിസരത്തും സൂചനബോർഡുകൾ സ്ഥാപിക്കും,അജൈവജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി ക്ഷേത്രപരിസരത്തെ കച്ചവടക്കാരിൽ നിന്നും യൂസർ ഫീ ഈടാകും തുടർന്ന് ലഭിക്കുന്ന മാലിന്യം തരം തിരിച്ചു സൂക്ഷിച്ചു ക്ളീൻ കേരള കമ്പനിക്ക് കൈമാറും.

യോഗത്തിൽ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടകം അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ പദ്ധതി വിശദീകരിച്ചു. ദേവസ്വം ചെയർമാൻ സുബ്രഹ്മണ്യൻ, എക്സികുട്ടീവ് ഓഫീസർ കെ.ഗോകുൽ, ദേവസ്വം ട്രെസ്റ്റിമാർ, ജീവനക്കാർ,കൊട്ടിയൂർ വികസനകാര്യ അദ്ധ്യക്ഷൻ ഷാജി പൊട്ടയിൽ,ബ്ലോക്ക് ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ കെ.വിനോദ് കുമാർ, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ്മണത്തണ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

 ഹരിതകേരള മിഷൻ മാലിന്യശേഖരണ തരംതിരിവ് പരിശീലനം നൽകും

സന്നദ്ധ സംഘടനകളുടെയും വ്യാപാരി സംഘടനകളുടെയും സഹായം തേടും

അക്കരെ ക്ഷേത്രത്തിലേക്ക് പ്ലാസ്റ്റിക് കടത്തിവിടില്ല

 പഞ്ചായത്ത് വിജിലൻസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ കർശന പരിശോധന