പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലജീവൻ മിഷൻ കുടിവെള്ള പദ്ധതികളുടെ പ്രവൃത്തി മേയ് അവസാനത്തോടെ പൂർത്തീകരിക്കാൻ എം. വിജിൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. 43369 ഗാർഹിക കണക്ഷനുകളിൽ ഇതുവരെയായി 37100 പുതിയ കണക്ഷനുകൾ നൽകി. കല്യാശ്ശേരി, ചെറുകുന്ന്, മാടായി എന്നീ പഞ്ചായത്തുകളിൽ മുഴുവൻ കണക്ഷനും നൽകി. കുഞ്ഞിമംഗലം, ചെറുതാഴം, ഏഴോം, പട്ടുവം, മാട്ടൂൽ, കണ്ണപുരം, കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തുകളിൽ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.
ഈ പഞ്ചായത്തുകളിൽ പ്രത്യേക യോഗം ചേർന്ന് പ്രവൃത്തി വേഗത്തിലാക്കും. പുതിയതായി കണക്ഷൻ വേണ്ടവരുടെ അപേക്ഷകൾ പഞ്ചായത്തുകൾ മുഖേന ശേഖരിക്കും. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. ദേശീയപാതയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണും. റോഡ് ടാറിംഗ് ചെയ്യുന്ന ഘട്ടത്തിൽ പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പുകൾ വാട്ടർ അതോറിറ്റിയെ അറിയിക്കണം. ഇത്തരം പ്രവൃത്തികൾ നടക്കുമ്പോൾ വിവരം ലഭിക്കാത്തതിന്റെ ഭാഗമായി സ്ഥാപിച്ച പൈപ്പുകൾ പൊട്ടുന്നതും ഏറെ പ്രയാസം ഉണ്ടാക്കുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, തളിപ്പറമ്പ് വാട്ടർ അതോറിറ്റി എക്സി. എൻജിനിയർ സുരജ നായർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ടി ബാലകൃഷ്ണൻ, എം. ശ്രീധരൻ, സഹിദ് കയിക്കാരൻ, പി. ശ്രീമതി, ഫാരിഷ ആബിദ്, ടി. സുലജ, എ. പ്രാർത്ഥന, ടി. നിഷ, കെ. രതി തുടങ്ങിയവർ സംസാരിച്ചു.
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നേരെ വിമർശനം
വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ പല പഞ്ചായത്ത് പ്രസിഡന്റുമാരും പരാതി ഉന്നയിച്ചു. ജപ്പാൻ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്നവർക്ക് ദിവസങ്ങളോളം കുടിവെള്ളം ലഭിക്കുന്നില്ല. കുടിവെള്ളവിതരണ പൈപ്പുകൾ കേടുപാട് സംഭവിച്ചാൽ പ്രസിഡന്റുമാർ നേരിട്ട് അറിയിച്ചാൽ പോലും ദിവസങ്ങൾ കഴിഞ്ഞാണ് ശരിയാക്കുന്നത്. കുടിവെള്ള വിതരണം പട്ടുവം, ഏഴോം, ചെറുതാഴം, മാടായി, മാട്ടൂൽ പഞ്ചായത്തുകളിൽ ശരിയായ രീതിയിൽ നടപ്പിലാക്കുന്നില്ല.
പൊട്ടിയ പൈപ്പുകൾ അറ്റകുറ്റപണി ചെയ്യുന്നതിലുള്ള കാലതാമസം ജനങ്ങൾക്ക് പ്രയാസം ഉണ്ടാക്കുന്നുണ്ട്. ഇതിനായി വേഗത്തിൽ ഇടപ്പെട്ട് പരിഹാരം ഉണ്ടാക്കണം.
എം. വിജിൻ എം.എൽ.എ