park
പെരുമ്പറമ്പിൽ നിർമ്മാണം പുരോഗമിക്കുന്ന ഇക്കോ പാർക്ക്

ഇരിട്ടി : പായം പഞ്ചായത്ത് ഗ്രാമ ഹരിത സമിതിയും വനംവകുപ്പും പഴശ്ശി പദ്ധതിയും ചേർന്ന് പെരുമ്പറമ്പിൽ ഒരുക്കുന്ന ഇക്കോ പാർക്ക് നാളെ ഉച്ചക്ക് 12ന് മന്ത്രി എ.കെ.ശശീന്ദ്രൻ ചെയ്യും .
പരിചരണമില്ലാതെ നശിച്ച സോഷ്യൽ ഫോറസ്ട്രിയുടെ അധീനതയിലുള്ള മഹാത്മാഗാന്ധി പാർക്കിന്റെ പത്തര ഏക്കറോളം സ്ഥലം ഉപയോഗപ്പെടുത്തിയാണ് വനംവകുപ്പുമായി ചേർന്ന് ഇക്കോ പാർക്ക് ഒരുക്കിയത്. വിശാലമായ പുഴയോരം ചേർന്നുള്ള നടപ്പാതകൾ, ഇരിപ്പിടങ്ങൾ, ലഘു ഭക്ഷണശാല, ഐസ്‌ക്രീം പാർലർ, ശലഭോദ്യാനം, കുട്ടികൾക്കായി ഉല്ലാസ കേന്ദ്രങ്ങൾ, ഊഞ്ഞാലുകൾ, കുതിര സവാരി, ശൗചാലയം എന്നിവ ആദ്യഘട്ടത്തിൽ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം വൈകുന്നേരം 3 മണിമുതൽ 10 രൂപ പാസ് മൂലം പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും.

ഉദ്ഘാടനചടങ്ങിൽ വി.ശിവദാസൻ എം.പി മുഖ്യാതിഥിയാവും. ഉദ്യാനം കൺസർവേറ്റർ കീർത്തി, കളക്ടർ എസ്.ചന്ദ്രശേഖർ, പ്രവേശന പാസ് വിതരണം ഡി.എഫ്.ഒ പി. കാർത്തിക്ക് എന്നിവർ ഉദ്ഘാടനം ചെയ്യും.അഡീഷണൽ എസ് .പി. പ്രിൻസ് അബ്രഹാം ജൈവ സംരക്ഷണ സന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി.ദിവ്യ ലോഗോ പ്രകാശിപ്പിക്കും.

ഇനിയും വികസനം

അകം തുരുത്തി ദ്വീപിലേക്ക് ബോട്ട് യാത്ര

വള്ള്യാട് സഞ്ജീവനി വനവുമായി ചേർത്ത് റോപ്പ് വേ

പഴശ്ശി ജലാശയത്തിൽ ഫൈബർ ചവിട്ട് ബോട്ട് സവാരി