k-rail

തടഞ്ഞത് കെ.സുധാകരന്റെ സാന്നിദ്ധ്യത്തിൽ

കണ്ണൂർ: കെ. റെയിൽ സർവേ കല്ലിടലിനെതിരെ കണ്ണൂർ ചാലയിൽ പ്രതിഷേധം. പൊലീസും യൂത്ത്​കോൺഗ്രസ്​ പ്രവർത്തകരും തമ്മിലാണ് ​ സംഘർഷമുണ്ടായത്. ഇന്നലെ രാവിലെയാണ്​ കെ. റെയിൽ അധികൃതർ ചാല​ മേഖലയിൽ സർവേ കല്ലിടാനായി മുൻകൂർ അറിയിപ്പില്ലാതെ എത്തിയത്​. തുടർന്ന്​ ചാല അമ്പലത്തിന് സമീപം കെ. റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ​ ഉദ്യോഗസ്ഥരെയും,സർവേക്കല്ല്​ കൊണ്ടുവന്ന വാഹനങ്ങളും തടഞ്ഞു.

പിന്നാലെ ​ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്​ത്​ നീക്കി​ സർവേ കുറ്റി സ്ഥാപിച്ചു. സംഭവമറിഞ്ഞ് ​ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നേതൃത്വത്തിൽ യു.ഡി.എഫ്​ -യൂത്ത് കോൺഗ്രസ്​ പ്രവർത്തകരുമെത്തി വൈകീട്ടോടെ സർവേ തടഞ്ഞു. കെ. റെയിൽ അധികൃതർ സ്ഥാപിച്ച സർവേക്കുറ്റികൾ യൂത്ത് കോൺഗ്രസ്​ സംസ്ഥാന വൈസ്​ പ്രസിഡന്റ്​ റിജിൽ മാക്കുറ്റിയുടെ നേതൃത്വത്തിൽ പിഴുതുമാറ്റി. തുടർന്ന് പൊലീസും യൂത്ത്​കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവുമായതോടെ സർവേ നിറുത്തിവച്ചു.

പിണറായിക്ക് തീറെഴുതി

കിട്ടിയതല്ല: കെ. സുധാകരൻ

പിണറായി വിജയന് തീറെഴുതി കിട്ടിയതല്ല കേരളമെന്നും, കെ. റെയിൽ നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ ഏകാധിപത്യം ഉൾക്കൊണ്ടു മുന്നോട്ടുപോകില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. നെറികെട്ട, ക്രൂരമായ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല. സർവേക്കല്ല് എവിടെ സ്ഥാപിച്ചാലും കോൺഗ്രസ് പ്രവർത്തകൾ പിഴുതു മാറ്റും. അത് ചോദ്യംചെയ്യാൻ പൊലീസിനെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.