
കണ്ണൂർ: കശുവണ്ടിയുടെ സംഭരണ വില കുറച്ചതോടെ കർഷകർ കടുത്ത പ്രതിസന്ധിയിൽ. പൊതുമാർക്കറ്റിൽ 115 രൂപയുണ്ടാകുമ്പോൾ കർഷകരിൽ നിന്നും നിലവിൽ 95 രൂപയ്ക്കാണ് കശുവണ്ടി സംഭരിക്കുന്നത്.ഫെബ്രുവരി മുതൽ ജൂൺ വരെയാണ് കശുവണ്ടിയുടെ വിളവെടുപ്പ് സമയം. ഇത്തവണ നിറയെ പൂത്തെങ്കിലും കാലാവസ്ഥ വ്യതിയാനം കാരണം 30ശതമാനം വരെ കുറഞ്ഞ വിളവാണ് കർഷകർക്ക് ലഭിച്ചത്.
സാമാന്യംവിളവ് ലഭിക്കുന്ന ഘട്ടത്തിലുണ്ടായ വിലത്തകർച്ചയെ എങ്ങനെ നേരിടണമെന്നറിയാതെ നട്ടംതിരിയുകയാണ് കർഷകർ. സംസ്‌കരിച്ച കശുവണ്ടിയ്ക്ക് പൊതുവെ വൻ വില നൽകണമെന്നിരിക്കെയാണ് കർഷകർക്ക് ന്യായമായ വില പോലും ലഭിക്കാത്തത്. കൊവിഡ് പ്രതിസന്ധിക്കിടയിൽ നിന്നു കശുവണ്ടി കർഷകരെ സഹായിക്കാനായി സംസ്ഥാന സർക്കാർ സഹകരണ സ്ഥാപനങ്ങൾ വഴി സംഭരണത്തിനു പ്രത്സാഹനം നൽകുന്നുണ്ട്.എന്നാൽ കഴിഞ്ഞ വർഷം മലയോരത്ത് സംഭരിച്ച സ്ഥാപനങ്ങളെല്ലാം ഇത്തവണ പിന്നോട്ടടിക്കുകയായിരുന്നു.
കശുവണ്ടി കോർപറേഷന്റെയും കാപെക്‌സിന്റെയും 40 ഫാക്ടറികളിലും കർഷകരിൽ നിന്നും നേരിട്ട് കശുവണ്ടി വാങ്ങുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അടുത്തിടെയാണുണ്ടായത്. എന്നാൽ പദ്ധതി ആദ്യസീസണിൽ തന്നെ വിൽപ്പന തകിടം മറിഞ്ഞുവെന്നാണ് കർഷകരുടെ ആക്ഷേപം. ആറളം, ചീമേനി ഫാമിലെ കശുവണ്ടി വില കുറച്ച് എടുക്കാനാണ് പദ്ധതി തുടങ്ങിയതെന്നും ആരോപണമുണ്ട്. ഇതോടെ നഷ്ടമുണ്ടായത് പാവപ്പെട്ട ചെറുകിട കശുവണ്ടി കർഷകർക്കാണ്.
സർക്കാർ ഫണ്ടില്ല; പിന്നോട്ടടിച്ച് സഹകരണം
കശുവണ്ടി കർഷകരെ സഹായിക്കാനായി സംസ്ഥാന സർക്കാർ സഹകരണ സ്ഥാപനങ്ങൾ വഴി നടത്തുന്ന സംഭരണ പദ്ധതിയിൽ നിന്നും കഴിഞ്ഞ വർഷം മലയോരത്ത് സംഭരിച്ച സ്ഥാപനങ്ങളെല്ലാം ഇത്തവണ പിന്നോട്ടടിക്കുകയായിരുന്നു.സംഭരിച്ച സ്ഥാപനങ്ങൾ കർഷകർക്കു കൃത്യമായി പണം നൽകിയെങ്കിലും സർക്കാരിൽ നിന്നു സ്ഥാപനങ്ങൾക്ക് തുക ലഭിക്കാൻ വൈകിയത് തിരിച്ചടിയായി. ഇരിട്ടി, ഉളിക്കൽ, കൊട്ടിയൂർ എന്നിവിടങ്ങളിലാണ് ജില്ലയിൽ കൂടുതൽ വിളവെടുപ്പ് നടക്കുന്നത്. കശുവണ്ടി ഉൽപാദന മേഖലയിലൊന്നും സഹകരണ ബാങ്കുകൾ കശുവണ്ടി സംഭരണം തുടങ്ങിയിട്ടില്ല.