മട്ടന്നൂർ: മട്ടന്നൂരിൽ റവന്യൂ ടവറിന്റെ നിർമ്മാണം അന്തിമഘട്ടത്തിലെത്തി. സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിലാക്കുന്നതിനാണ് 20 കോടിയോളം രൂപ ചെലവഴിച്ച് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നത്. ഏഴുനില കെട്ടിടത്തിന്റെ അഞ്ചു നിലകളുടെ നിർമ്മാണമാണ് ആദ്യഘട്ടം പൂർത്തിയായത്. കെട്ടിടത്തിന്റെ കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയായി.
പ്ലാസ്റ്ററിംഗ് കഴിഞ്ഞ സ്ഥലങ്ങളിൽ പെയിന്റിംഗും നടക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് റവന്യൂ ടവറിന്റെ നിർമ്മാണം തുടങ്ങിയത്. ഹൗസിംഗ് ബോർഡാണ് നിർമാണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്. കിഫ്ബിയുടെ സഹായത്തോടെയാണ് കെട്ടിടം നിർമ്മിക്കുന്നത്. ഹിൽട്രാക്ക് കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്.
നാലുനിലകളിൽ ഓഫീസ് സമുച്ചയവും താഴത്തെ നില വാഹന പാർക്കിംഗിനുമാണ് ഉപയോഗിക്കുക. റവന്യൂ ടവറിനോട് ചേർന്ന് കാന്റീൻ ബ്ലോക്കിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്. മൂന്നുലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള വാട്ടർ ടാങ്കിന്റെ നിർമ്മാണവും പൂർത്തിയായി.
കൊവിഡ് ലോക് ഡൗൺ ഉൾപ്പടെയുള്ള തടസങ്ങൾ മൂലം വൈകിയാണ് നിർമ്മാണ പ്രവൃത്തി തുടങ്ങാനായത്. കെ.കെ. ശൈലജ എം.എൽ.എയുടെ നേതൃത്വത്തിൽ ഓരോ മാസവും യോഗം ചേർന്ന് നിർമ്മാണ പ്രവൃത്തി വിലയിരുത്തുന്നു.
സർക്കാർ ഓഫീസുകൾ
ഒരു കുടക്കീഴിൽ
മട്ടന്നൂരിൽ വിവിധയിടങ്ങളിലായി വാടകക്കെട്ടിടങ്ങളിലും മറ്റും പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ പലതും റവന്യൂ ടവർ പൂർത്തിയാകുന്നതോടെ ഇവിടേക്ക് മാറും. 2018 ജൂണിലാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് മന്ത്രിസഭ അംഗീകാരം നൽകിയത്. 2019 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ റവന്യൂ ടവറിന്റെയും സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും ശിലാസ്ഥാപനം നടത്തി. റവന്യുടവറിന്റെ പിൻഭാഗത്തായാണ് സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പണി നടക്കുന്നത്.