കൂത്തുപറമ്പ്: ചിത്രകലയിൽ വിസ്മയങ്ങൾ തീർക്കുകയാണ് ഒന്നാം ക്ലാസുകാരനായ കൂത്തുപറമ്പ് പുറക്കളത്തെ നീരവ് എസ് ഗണേശ്. ദേശീയ തലത്തിലുള്ള രണ്ട് അംഗീകാരങ്ങളാണ് ഇതിനകം ആറ് വയസ്സുകാരനായ നീരവിനെ തേടി എത്തിയത്. കളിക്കോപ്പുകൾക്ക് പകരം ബ്രഷും, നിറക്കൂട്ടുമാണിപ്പോൾ നീരവ് എസ് ഗണേശിന്റെ കളിക്കൂട്ടുകാർ. പല വർണ്ണങ്ങളിലുള്ള കളിപ്പാട്ടങ്ങൾ വേണ്ടെന്ന് വച്ചാണ് നീരവ് വേറിട്ട വഴികൾ തിരഞ്ഞെടുത്തിരിക്കുന്നത്. ചിത്രരചനയിൽ നിരവധി അംഗീകാരങ്ങളും ഇതിനകം കൊച്ച് കലാകാരനെ തേടിയെത്തിയിട്ടുണ്ട്. ദേശീയതലത്തിൽ നാഗ്പ്പൂർ വനോളി ചിൽഡ്രൻസ് ഗ്രൂപ്പ് നടത്തിയ കുട്ടികളുടെ ചിത്രരചനാ മത്സരത്തിൽ മികച്ച 5 ചിത്രങ്ങളിൽ ഒന്നായി നീരജിന്റെ ചിത്രം തിരഞ്ഞെടുത്തിരുന്നു. അതോടൊപ്പം കൊച്ചിൻ ബിനാലെയുടെ കുട്ടികളുടെ വിഭാഗത്തിലേക്കും നീരജിന്റെചിത്രം തിരഞ്ഞെടുത്തിരിക്കയാണ്. എസ്.എസ്.എ ജൂണിൽ പുറത്തിറക്കുന്ന കൗതുകത്തിന്റെ കവർ ഫോട്ടോയായും ഒന്നാം ക്ലാസുകാരന്റെ ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്. കൂത്തുപറമ്പ് കണിയാർകുന്നിലെ ഏഷ്യൻ ആർട്ട് ഗ്യാലറിയിൽ കുത്തിവര എന്ന പേരിൽ നീരവിന്റെ ചിത്രപ്രദർശനം നടന്നു വരികയാണ്. കൊവിഡിനെ തുടർന്നുള്ള ലോക്ഡൗണാണ് നിരവിനെ ചിത്രകാരനായി മാറ്റിയത്. അതോടൊപ്പം ചിത്രകാരനും പട്ടാമ്പി എം.എൽ.എയുടെ സെക്രട്ടറിയുമായ പിതാവ് ഗണേശ് വേലാണ്ടിയുടെയും ഇറിഗേഷൻ വകുപ്പിൽ ഉദ്യോഗസ്ഥയായ അമ്മ സുനിതയുടെയും സഹായം നീരവിന് ലഭിച്ചിരുന്നു.
നീരവ് എസ് ഗണേശ് ചിത്രരചനയ്ക്കിടയിൽ. നീരവിലഭിച്ച അംഗീകാരങ്ങളും കാണാം.