നീലേശ്വരം: നഗരസഭയിലെ നാരാംകുളങ്ങര കുളം കടുത്തവേനലിലും വെള്ളം നിറഞ്ഞ് കിടക്കുന്നുണ്ടെങ്കിലും സംരക്ഷണമില്ലാതെ നാശത്തിന്റെ വക്കിൽ. കുളം റവന്യു പുറമ്പോക്കിൽ കിടക്കുന്നതിനാൽ നീലേശ്വരം നഗരസഭയ്ക്ക് കുളം സംരക്ഷിക്കാൻ ഫണ്ട് അനുവദിക്കാനാകുന്നില്ല. റവന്യു വകുപ്പാണെങ്കിൽ നഗരസഭയ്ക്ക് കൈമാറാൻ തയ്യാറാകുന്നുമില്ല. അതുകൊണ്ട് തന്നെ നാരാംകുളങ്ങര കുളം വർഷങ്ങളായി സംരക്ഷണമില്ലാതെ പായലുകളും മാലിന്യവും നിറഞ്ഞുകിടക്കുകയാണ്.
കുറച്ച് വർഷങ്ങൾക്കു മുമ്പ് കുളത്തിനു സമീപത്തു കൂടി റോഡ് വന്നതോടെ ഇവിടം അപകടക്കെണിയുമാണ്. കുളത്തിന് ചുറ്റുമതിലില്ലാത്തതിനാൽ ഇതുവഴി പോകുന്ന വാഹനങ്ങളിൽ നിന്ന് മാലിന്യങ്ങളും മദ്യ കുപ്പികളും കുളത്തിലേക്ക് വലിച്ചെറിയുന്നതും പതിവാണ്.
മുൻ ജില്ല കളക്ടർ ഡോ. സജിത് ബാബു കുളം സന്ദർശിക്കുകയും ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് തുടർ നടപടികളൊന്നുമുണ്ടായില്ല. നാരാംകുളങ്ങര കുളം സംരക്ഷിച്ചാൽ സമീപ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാനും തൊട്ടടുത്ത വയലിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും കഴിയും.