
തലശേരി: കോടിയേരി പുന്നോലിലെ സി.പി.എം പ്രവർത്തകൻ കെ. ഹരിദാസൻ കൊലക്കേസ് പ്രതി ആർ.എസ്.എസ് നേതാവ് നിജിൽദാസിന് ഒളിവിൽ കഴിയാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് 200 മീറ്റർ മാത്രമകലെ അദ്ധ്യാപിക രേഷ്മ വീട് നൽകിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുതന്നെയെന്ന് പൊലീസ്. പുന്നോൽ അമൃതവിദ്യാലയത്തിലെ അദ്ധ്യാപികയാണ് ധർമടം അണ്ടലൂർ ശ്രീനന്ദനത്തിൽ രേഷ്മ (42).
വിഷുവിനു ശേഷമാണ് പ്രതി സുഹൃത്തായ അദ്ധ്യാപികയെ ഫോണിൽ വിളിച്ച് ഒളിക്കാൻ ഇടം ചോദിച്ചത്. തുടർന്ന് 17 മുതൽ പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ രേഷ്മ സൗകര്യമൊരുക്കി. ഭക്ഷണം പാകംചെയ്‌തെത്തിച്ചു. വാട്‌സ്ആപ്പ് കോളിലൂടെയായിരുന്നു സംസാരം. രാത്രിയും പകലും ഇടയ്ക്കിടെ അദ്ധ്യാപിക വീട്ടിൽ വരുന്നത് നാട്ടുകാരും ശ്രദ്ധിച്ചിരുന്നു.
വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. സ്കൂളിലേക്കും തിരിച്ചും നിജിൽദാസിന്റെ ഓട്ടോയിലായിരുന്നു മിക്ക ദിവസവും രേഷ്മ പോയിരുന്നത്. എട്ടു കിലോമീറ്റർ അകലെ അണ്ടലൂർ കാവിനടുത്ത വീട്ടിലാണ് രേഷ്മയും മക്കളും താമസം. ഭർത്താവ് പ്രശാന്ത് ഗൾഫിലാണ്. രണ്ട് വർഷം മുമ്പാണ് പാണ്ട്യാലമുക്കിൽ വീട് നിർമ്മിച്ചത്.
വെള്ളിയാഴ്ച പുലർച്ചെയാണ് നിജിൽദാസിനെ പൊലീസ് വീട് വളഞ്ഞ് പിടികൂടുന്നത്. വെള്ളിയാഴ്ച രാത്രി രേഷ്മയെയും അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെ ഇവരുടെ വീടിന് നേരെ ബോംബേറുണ്ടായി. വീട് അടിച്ചു തകർക്കുകയും ചെയ്തു.
അതേസമയം, വധക്കേസ് പ്രതിയെന്നറിയാതെയാണ് നിജിൽദാസിന് വീട് വാടകയ്ക്ക് നൽകിയതെന്ന് രേഷ്മയുടെ ബന്ധുക്കൾ. ദിവസം 1500 രൂപ വാടകയ്ക്ക് എഗ്രിമെന്റ് ഒപ്പിട്ടശേഷമാണ് വീട് നൽകിയതെന്ന് രേഷ്മയുടെ അച്ഛൻ രാജൻ പറഞ്ഞു. നിജിൽദാസിന്റെ ഭാര്യ ദിപിനയും രേഷ്മയും അയൽക്കാരും കുട്ടിക്കാലം മുതൽ ഉറ്റസുഹൃത്തുക്കളുമാണ്.
രേഷ്മയ്ക്ക് ജാമ്യം
രേഷ്മയ്ക്ക് തലശേരി സി.ജെ.എം കോടതി ജഡ്ജി രുഗ്മ എസ്. രാജ് ഇന്നലെ ജാമ്യമനുവദിച്ചു. ന്യൂമാഹി, പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടാഴ്ചത്തേക്ക് പ്രവേശിക്കരുതെന്ന ഉപാധിയിലാണ് ജാമ്യം. അഞ്ച് വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
നിജിൽദാസ് ഒളിവിൽ കഴിഞ്ഞ വീടിന്റെ ഉടമ പ്രശാന്തിന് സി.പി.എമ്മുമായി ബന്ധമില്ല. പ്രശാന്ത് ആർ.എസ്.എസുമായാണ് ബന്ധം പുലർത്തുന്നത്. 2021ൽ അണ്ടലൂർ കാവിലെ ഉത്സവം ജനക്കൂട്ടമില്ലാതെ നടത്താൻ തീരുമാനിച്ചപ്പോൾ അതിനെതിരെ ആർ.എസ്.എസിന്റെ നാമജപഘോഷയാത്രയ്ക്ക് സഹായം ചെയ്തത് പ്രശാന്തുൾപ്പെട്ട സംഘമാണ്.
- എം.വി. ജയരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി