കാഞ്ഞങ്ങാട്: കൊടവലം മഹാവിഷ്ണു ക്ഷേത്രത്തിലെ ശിലാശാസനത്തിന്റെ സഹസ്രാബ്ദ വിളംബര സെമിനാർ മേയ് 27 ന് നടക്കും. ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണ കലശോത്സവത്തിന്റെ ഭാഗമായി ശിലാശാസന ചരിത്രം പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനായാണ് പരിപാടി ഒരുക്കിയിട്ടുള്ളതെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസർവ്വകലാശാല, നെഹ്റു കോളേജ്, പെരിയ ഡോ. അംബേദ്കർ കോളേജ്, ഉദുമ ഗവ. കോളേജ് എന്നിവയുടെ സഹകരണത്തോടെയാണ് വിളംബര സെമിനാർ നടക്കുന്നത്

ചരിത്രസെമിനാർ കണ്ണൂർസർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ചരിത്രകാരൻ ഡോ. എം.ആർ. രാഘവ വാര്യർ വിഷയം അവതരിപ്പിക്കും. ഡോ. സി. ബാലൻ, ഡോ. എം.ടി. നാരായണൻ, ഡോ. എം. മുരളീധരൻ നമ്പ്യാർ, ഡോ. കെ.എസ്. സുരേഷ് കുമാർ, സുമലത എന്നിവർ സംസാരിക്കും.

വരും തലമുറയ്ക്ക് പ്രയോജനപ്പെടുന്നതിനായി ശിലാലിഖിതത്തിന്റെ നേർപകർപ്പും ഭാഷ്യവും മരത്തിൽ കൊത്തിവയ്ക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ. ടി.കെ. സുധാകരൻ, ജനറൽ കൺവീനർ ടി.പി. രാമചന്ദ്രൻ, ചരിത്രകാരൻ ഡോ. സി. ബാലൻ, ഭാരവാഹികളായ എൻ. ബാലകൃഷ്ണൻ , കെ.പി. അജന്തകുമാർ, മാടിക്കാൽ നാരായണൻ, എം. ശ്രീധരൻ നമ്പ്യാർ, എം. ജയരാമൻ മാടിക്കാൽ, ശ്രീജ മണി എന്നിവർ പങ്കെടുത്തു.