കാസർകോട്: കർണാടകയിൽ നിന്ന് കാസർകോട്ടേക്ക് മയക്കുമരുന്നും കഞ്ചാവും മദ്യവും ഒഴുകുന്നു. ബംഗളൂരുവിൽ നിന്ന് കാസർകോട് ജില്ലയിലേക്ക് എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നത് പതിവാകുകയാണ്.

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മദ്യവും വിതരണത്തിനെത്തിക്കുന്നു. ഗോവൻ മദ്യവും സുലഭമാണ്. ആന്ധ്രയിൽ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് കർണാടക വഴിയാണ് കാസർകോട്ടെത്തിക്കുന്നത്. വാഹനങ്ങളിലും ട്രെയിനുകളിലും വൻതോതിലാണ് മയക്കുമരുന്നും കഞ്ചാവും വിതരണത്തിനെത്തിക്കുന്നത്.

ഈ സാഹചര്യത്തിൽ കാസർകോട്ടെ അതിർത്തി ചെക്ക് പോസ്റ്റുകളിൽ പൊലീസും എക്‌സൈസും പരിശോധന കർശനമാക്കി. ആദൂർ, പഞ്ചിക്കല്ല്, ഗ്വാൽമുഖ, അടുക്കസ്ഥല, മുളിഗദ്ദെ തുടങ്ങിയ ചെക്ക് പോസ്റ്റുകളിലാണ് പരിശോധന ശക്തിപ്പെടുത്തിയത്. രാപ്പകൽ ഭേദമന്യേ ഈ ചെക്ക് പോസ്റ്റുകളിൽ അധികൃതർ നിരീക്ഷണമേർപ്പെടുത്തിക്കഴിഞ്ഞു. എം.ഡി.എം.എ മയക്കുമരുന്നാണ് കൂടുതലും ചെക്ക് പോസ്റ്റുകൾ വഴി കടത്തുന്നതെന്ന് അതിർത്തി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം തെളിയിക്കുന്നു.

ലഹരിവേട്ടയ്ക്കായി പൊലീസിലും എക്‌സൈസിലും പ്രത്യേക സ്‌ക്വാഡുകളെ വിപുലീകരിക്കാനും ശക്തിപ്പെടുത്താനും നടപടി സ്വീകരിക്കും. പരിശോധനയില്ലാതെ ചേക്ക് പോസ്റ്റുകളിലൂടെ ഒരു വാഹനവും കടന്നുപോകാൻ പാടില്ലെന്ന രീതിയിലാണ് പരിശോധന ഊർജിതപ്പെടുത്തിയിരിക്കുന്നത്. നിയമപരമായ സാധനങ്ങൾ കടത്തുന്ന വാഹനങ്ങളായാൽ പോലും അതിന്റെ മറവിൽ മയക്കുമരുന്നും കഞ്ചാവും മദ്യവും കടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് നിർദ്ദേശം.