surendran

കാസർകോട്:മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ സ്ഥാനാർത്ഥിയായിരുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനടക്കം ആറുപേർക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് കോടതിയിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് നിലവിൽ ചുമത്തിയിരിക്കുന്നത്. ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകളും ഉൾപ്പെടുത്തും.

സുരേന്ദ്രന്റെ പേരിനോട് സാമ്യമുള്ള താൻ മത്സരിച്ചാൽ വോട്ട് കുറയുമെന്ന് ബി.ജെ.പി ആശങ്കപ്പെട്ടിരുന്നുവെന്നും നാമനിർദേശപത്രിക പിൻവലിക്കുന്നതിനായി 2.5 ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നും കഴിഞ്ഞ വർഷം ജൂൺ 5നാണ് ബി.എസ്.പി സ്ഥാനാർത്ഥിയായിരുന്ന സുന്ദര വെളിപ്പെടുത്തിയത്.

ഇടതുമുന്നണി സ്ഥാനാർത്ഥിയായിരുന്ന വി.വി രമേശൻ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ സതീഷ്‌കുമാറാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.