കണ്ണൂർ: സ്വകാര്യ ബസ് യാത്രയ്ക്കിടെ സിമന്റ് വ്യാപാരിയുടെ ഒന്നരലക്ഷം രൂപ കവർന്നു. താഴെചൊവ്വയിലെ ഷൈജു ടൈൽസ് ഉടമ കെ. ദേവദാസന്റെ പണമാണ് കവർന്നത്. ഇന്നലെ രാവിലെ തോട്ടട ജെ.ടി.എസ് സ്റ്റോപ്പിൽ നിന്നും ബസ് കയറിയ ദേവദാസൻ താഴെ ചൊവ്വയിലിറങ്ങുന്നതിനിടെയാണ് കൈയിലുണ്ടായിരുന്ന സഞ്ചിയിൽ വച്ച ബാഗ് കവർച്ച ചെയ്യപ്പെട്ടത്. താഴെചൊവ്വയെത്തുന്നതിന് മുൻപേ തന്റെ മുൻപിലും പിന്നിലും നിന്നവർ തനിക്ക് അനങ്ങാൻ പറ്റാത്ത വിധം വല്ലാതെ തിരക്ക് കൂട്ടിയെന്നും ബസിറങ്ങിയ ശേഷമാണ് ബാഗ് നഷ്ടപ്പെട്ട കാര്യം മനസ്സിലായതെന്നും ദേവദാസൻ പറഞ്ഞു. കാലത്ത് സിമന്റ് ലോഡ് എത്തുമ്പോൾ നൽകാനുള്ള പണമാണ് നഷ്ടപ്പെട്ടത്. ബാഗിൽ പണത്തോടൊപ്പം വില പിടിപ്പുള്ള രേഖകളുമുണ്ടെന്നും ടൗൺ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.