vk-sing
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സമാപന സമ്മേളനം പയ്യന്നൂർ ടൗൺ സ്‌ക്വയറിൽ കേന്ദ്ര സഹമന്ത്രി റിട്ട: ജനറൽ വി.കെ. സിംഗ് ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ : സ്വാതന്ത്റ്യ സമര സേനാനികൾ അനുഭവിച്ച ത്യാഗത്തിന്റെയും ബലിദാനങ്ങളുടെയും ആത്മസത്ത മുറുകെ പിടിച്ച് നമുക്ക് ലഭിച്ച സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാതെ ഭാരതത്തെ വിശ്വ തലത്തിൽ ഒന്നാമതായി ഉയർത്താനുള്ള പ്രവർത്തനമാണ് നടത്തേണ്ടതെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സഹമന്ത്രി ജനറൽ (റിട്ട:) വി.കെ. സിംഗ് പറഞ്ഞു. സ്വാതന്ത്റ്യത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ അമൃതോത്സവ സംഘാടക സമിതിയുടെ നേതൃത്വത്തിൽ കോഴിക്കോട് നിന്ന് ആരംഭിച്ച കേളപ്പജി ഉപ്പു സത്യാഗ്രഹ സ്മൃതി യാത്രയുടെ സമാപന സമ്മേളനം പയ്യന്നൂർ ടൗൺ സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗാന്ധിജി രാജ്യത്തിന് വേണ്ടി ചെയ്ത ത്യാഗ പൂർണ സമര മാർഗ്ഗങ്ങൾ തന്നെയാണ് കേളപ്പജി കേരളത്തിലും നടത്തിയത്.ഇന്ത്യൻ ദേശീയ പ്രസ്ഥാനങ്ങൾക്കും സ്വാതന്ത്റ്യ സമര മുന്നേറ്റങ്ങൾക്കും കേരള ഗാന്ധി കേളപ്പന്റെ സംഭാവന അതുല്യമാണ്. വർണ്ണവിവേചനം നിലനിന്നിരുന്ന ഒരു കാലത്ത് സനാതന ധർമ്മത്തിൽ ഉറച്ച് നിന്ന് , ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ കേളപ്പന്റെ ഓർമ്മകൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും കരുത്ത് പകരുമെന്ന് വി.കെ.സിംഗ് പറഞ്ഞു.

സംഘാടക സമിതി ചെയർമാൻ കെ.രാമകൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജക് ജെ.നന്ദകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രഭാകരൻ പലേരി, പ്രശാന്ത് ബാബു കൈതപ്രം , ടി.കെ. ഈശ്വരൻ സംസാരിച്ചു. വി.പി.അപ്പുക്കുട്ടൻ , എ.വി.രാഘവപൊതുവാൾ, പ്രശാന്ത് ചെറുതാഴം , കുമാരി സപര്യ രാജ് എന്നിവരെ ആദരിച്ചു.

ആർഷ വിദ്യാലയം പയ്യന്നൂർ, അരവിന്ദ വിദ്യാലയം പിലാത്തറ എന്നീ വിദ്യാലയങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനം, കേളപ്പജിയുടെ ജീവിത കഥ പറയുന്ന സപര്യ രാജിന്റെ ഓട്ടൻതുള്ളൽ, പാനൂർ ശ്രീ നാട്യാഞ്ജലി നൃത്ത സംഗീത വിദ്യാലയം അവതരിപ്പിച്ച നൃത്താജ്ഞലി എന്നിവ അരങ്ങേറി. നേരത്തെ ഉളിയത്തുകടവിൽ നടന്ന ഉപ്പുകുറുക്കൽ സ്മൃതിക്ക് അഡ്വ: കെ.കെ.ബലറാം, പി.എൻ. ഈശ്വരൻ, കെ.പി.രാധാകൃഷ്ണൻ, നന്ദകുമാർ മൂടാടി, പുരവൂർ പി. വിനുകുമാർ, എം. പി. രവീന്ദ്രൻ, എ .രാജഗോപാലൻ, എം. എം .രാമകൃഷ്ണൻ നമ്പ്യാർ തുടങ്ങിയവർ നേതൃത്വം നൽകി.