ആലക്കോട്: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കോടികൾ മുടക്കി മലയോര പഞ്ചായത്തുകളിൽ നിർമ്മിച്ച കുഴൽക്കിണറുകളിൽ ബഹുഭൂരിപക്ഷവും ഉപയോഗശൂന്യമായി. ആലക്കോട്, ഉദയഗിരി, ചപ്പാരപ്പടവ്, നടുവിൽ തുടങ്ങിയ പഞ്ചായത്തുകളിൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നിർമ്മിച്ച നൂറുകണക്കിന് കുഴൽക്കിണറുകളിൽ വിരലിലെണ്ണാവുന്നത്ര പോലും ഇപ്പോൾ ഉപയോഗിക്കുന്നില്ല.
ഭൂഗർഭജലത്തിന്റെ സാദ്ധ്യത പരിശോധിക്കാതെ കരാറെടുത്തവരുടെ സൗകര്യം നോക്കി കുഴൽകിണർ നിർമ്മിച്ചതാണ് മിക്കയിടത്തും ആവശ്യത്തിന് വെള്ളം കിട്ടാതെ കുഴൽക്കിണറുകൾ നോക്കുകുത്തികളായി മാറിയതിനു കാരണം. കൈകൊണ്ടു പ്രവർത്തിപ്പിക്കുന്ന കുഴൽക്കിണറുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്തതിനെത്തുടർന്ന് ഉപയോഗശൂന്യമായവയും കുറവല്ല.
അൻപതിനായിരം മുതൽ ഒന്നരലക്ഷം രൂപവരെ ചെലവഴിച്ചാണ് ഓരോ കുഴൽക്കിണറും നിർമ്മിച്ചത്. വേനൽക്കാലത്ത് കടുത്ത ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന ടൗണുകളിലും കോളനികളിലുമൊക്കെ കുഴൽക്കിണർ നിർമ്മാണം മുടക്കമില്ലാതെ നടന്നു.
ചിലത് മണ്ണിനടിയിൽ
പഞ്ചായത്ത് ഫണ്ടിൽ നിന്നും ഓരോ വർഷവും ലക്ഷക്കണക്കിന് രൂപയാണ് ഈയിനത്തിൽ ചെലവഴിച്ചത്. കുഴൽക്കിണറിൽ നിന്നും മോട്ടോർ പ്രവർത്തിപ്പിച്ച് പമ്പിംഗ് നടത്തുന്നവ മാത്രമാണ് ഇപ്പോൾ ജനങ്ങൾക്ക് ഉപകാരമുള്ളത്. റോഡുവക്കിൽ നിർമ്മിച്ച കുഴൽക്കിണറുകളിൽ ബഹുഭൂരിഭാഗവും റോഡ് വീതികൂട്ടി നവീകരണപ്രവൃത്തി നടത്തിയപ്പോൾ മണ്ണിനടിയിലായി. പഞ്ചായത്തിന്റെ കുടിവെള്ളം പ്രതീക്ഷിച്ചിട്ടു കാര്യമില്ലെന്നറിഞ്ഞതിനാൽ മിക്കവരും സ്വന്തം സ്ഥലത്ത് കുഴൽക്കിണർ നിർമ്മിച്ചതും പഞ്ചായത്ത് വക കുഴൽക്കിണറുകളുടെ ഉപയോഗം നിലയ്ക്കാൻ കാരണമായിട്ടുണ്ട്.