പാനൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് ഇരുവനാട് വില്ലിപ്പാലൻ വലിയ കുറുപ്പിന്റെ കീഴിലുള്ള നെയ്യമൃത് സങ്കേതമഠങ്ങളിൽ വേറെ വെപ്പ് ആരംഭിച്ചു. മേടമാസത്തിലെ തിരുവോണം നാളായ ഇന്നലെയാണ് വേറെവെപ്പ് ആരംഭിച്ചത്. തിരുവോണനാളിൽ മഠങ്ങൾ കേന്ദ്രീകരിച്ച് തിരുവോണക്കഞ്ഞിയുമുണ്ടായി. മേടമാസത്തിലെ ചോതി നാളിലാണ് വ്രതം ആരംഭിച്ചത്. മേയ് 9ന് സങ്കേത പ്രവേശനം വരെയുള്ള നാളുകളിൽ കഞ്ഞി, മുത്താഴം, അത്താഴം എന്നീ വഴിപാട് പ്രാർത്ഥനകൾ നടക്കും. നിടുമ്പ്രം നള്ളക്കണ്ടി, ഇളന്തോടത്ത്, മൊകേരി, അണിയാരം, ഒളവിലം, നിള്ളങ്ങൽ, പുത്തൂർ സങ്കേത മഠങ്ങളിലും കോഴിക്കോട് ജില്ലയിലെ കടത്തനാട്ടിലെ വിവിധ മഠങ്ങളിലും ഇന്നലെ വേറെവെപ്പ് ആരംഭിച്ചു. നെയ്യമൃത് സംഘാംഗങ്ങൾ മഠങ്ങൾ കേന്ദ്രീകരിച്ച് സ്വന്തമായി ആഹാരം പാകം ചെയ്ത് കഴിക്കുകയും ഭക്തജനങ്ങൾക്ക് നൽകുകയും ചെയ്യും. വാഴത്തടയിൽ ഇല്ല വെച്ചാണ് കഞ്ഞി കഴിക്കുക. കഞ്ഞിയോടൊപ്പം ചക്ക, മാങ്ങ, ചെറുപയർ, മമ്പയർ വിഭവങ്ങളും ഉണ്ടാകും. ത്രിമധുരം, തേങ്ങാ പൂൾ, പപ്പടം, ബെന്നി, കുഞ്ഞുണ്ണി, പഴുത്തമാങ്ങ, ചക്ക എന്നിവയുമുണ്ടാകും.