മട്ടന്നൂർ: കിൻഫ്ര വ്യവസായ പാർക്കിനായി പനയത്താംപറമ്പ് മേഖലയിൽ സ്ഥലമേറ്റെടുക്കുന്നതിനുള്ള പ്രാഥമിക സർവേ പൂർത്തിയായി. കീഴല്ലൂർ, അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായി 500 ഏക്കർ ഭൂമിയാണ് ആദ്യഘട്ടമായി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ പ്ലാൻ തയ്യാറാക്കാലും അന്തിമഘട്ടത്തിലാണ്.

കിൻഫ്ര അഡ്വൈസർ വി.എൻ. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് സർവേ നടത്തുന്നത്. ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിരുകൾ അളന്ന് അടയാളപ്പെടുത്തി. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിശദമായ പ്ലാനും മറ്റു വിവരങ്ങളും ലാൻഡ് അക്വിസിഷൻ ഓഫീസർമാർക്കും തുടർന്ന് കളക്ടർക്കും നൽകും. ഇതിനുശേഷം ഏറ്റെടുക്കുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തും. അടുത്തമാസത്തോടെ ഇതു സംബന്ധിച്ച നടപടികൾ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകാനാണ് ഉദ്ദേശിക്കുന്നത്. തുടർന്നാണ് സർക്കാർ നഷ്ടപരിഹാരമായി നൽകേണ്ട ഫണ്ട് അനുവദിക്കുക.

കഴിഞ്ഞ വർഷം ഫെബ്രുവരി അഞ്ചിനാണ് 497.47 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചത്. ഈ വർഷം തന്നെ ഭൂമിയേറ്റെടുപ്പ് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നടപടികൾ മുന്നോട്ടുപോകുന്നത്. ജനുവരി ആദ്യമാണ് പനയത്താംപറമ്പിൽ ഭൂസർവേ തുടങ്ങിയത്. പരമാവധി വീടുകൾ ഒഴിവാക്കിയാണ് ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അലൈൻമെന്റ് തയ്യാറാക്കുന്നത്. 67 ഓളം വീടുകൾ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഉൾപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗം വീടുകളെയും ഒഴിവാക്കിയ ശേഷവും 18 വീടുകൾ ഉൾപ്പെട്ടിട്ടുണ്ട്.

ഇ.പി.ജയരാജൻ വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് പദ്ധതിക്ക് സർക്കാർ തത്വത്തിൽ അംഗീകാരം നൽകിയത്. പല ഭാഗങ്ങളിലായി സ്ഥലം ഏറ്റെടുക്കുന്നതിന് സാമൂഹികാഘാത പഠനങ്ങൾ നടത്തിവരികയാണ്.

5000 ഏക്കർ

കണ്ണൂർ വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളിൽ വ്യവസായ വികസനത്തിനായി 5000 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ഐ.ടി. പാർക്ക്, ഭക്ഷ്യസംസ്‌കരണ യൂണിറ്റ് തുടങ്ങിയവയും വിമാനത്താവളത്തിന് അനുബന്ധിച്ച് സ്ഥാപിക്കുമെന്ന് ഈ വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നു. വ്യവസായ സംരംഭങ്ങൾ വരുന്നതോടെ നിരവധി തൊഴിലവസരങ്ങളും തുറക്കപ്പെടും.