മട്ടന്നൂർ: നഗരത്തിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങളുടെ ഭാഗമായി വാഹനപാർക്കിംഗിന് ഇടങ്ങൾ നിശ്ചയിച്ച് നൽകി നഗരസഭ. വിവിധ തരം വാഹനങ്ങളുടെ പാർക്കിംഗ് അനുവദിച്ചു കൊണ്ടാണ് ബോർഡുകൾ സ്ഥാപിച്ചത്. ഇരുചക്ര വാഹനങ്ങൾ, കാറുകൾ, ഓട്ടോ-ടാക്‌സി, ആംബുലൻസ് എന്നിവ പാർക്ക് ചെയ്യാനുള്ള സ്ഥലം ചൂണ്ടിക്കാണിച്ചാണ് ബോർഡുകൾ വച്ചത്. മറ്റിടങ്ങളിൽ നോ പാർക്കിംഗ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ബസ് സ്റ്റാൻഡിന് പിറകിലായി ഇരുചക്ര വാഹനങ്ങൾക്ക് നിർത്തിയിടാൻ സ്ഥലം ഒരുക്കിയിട്ടുണ്ട്. ഇരിട്ടി റോഡിൽ ഐ.ബി.ക്ക് സമീപത്തായി ഇടതു വശത്തും തലശേരി റോഡിൽ ശിവപുരം റോഡിന് സമീപത്തുമായാണ് കാറുകൾക്കുള്ള പാർക്കിംഗ്. നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ച സ്ഥലങ്ങളിൽ ബോർഡിന്റെ സമീപത്തു തന്നെ വാഹനങ്ങൾ നിർത്തിയിടുന്നതും മട്ടന്നൂർ നഗരത്തിൽ സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞയാഴ്ച വിഷുത്തിരക്കിനിടയിൽ നിയമം ലംഘിച്ച് പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നു.
വില കിട്ടുമോ നോ പാർക്കിംഗ്
ബോർഡുകൾക്ക്
നഗരസഭയും പൊലീസും ചേർന്ന് പലപ്പോഴായി ഗതാഗത പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയെങ്കിലും ഗതാഗതക്കുരുക്ക് മാറ്റമില്ലാതെ തുടരാറാണ് പതിവ്. പ്രധാന കേന്ദ്രങ്ങളിലെല്ലാം നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കുന്ന അധികൃതർ പാർക്കിംഗിന് ആവശ്യത്തിന് സ്ഥലം ഒരുക്കുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ഇതേതുടർന്നാണ് വാഹനപാർക്കിംഗിന് വ്യത്യസ്ത സ്ഥലങ്ങൾ നിശ്ചയിച്ച് നൽകിയത്.