നീലേശ്വരം: ദേശീയപാത പള്ളിക്കരയിൽ റെയിൽവേ ഓവർബ്രിഡ്ജ് പണിയുന്നതിന് വേണ്ടി വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. നിലവിലുള്ള വൈദ്യുതി തൂണുകളും വൈദ്യുതി ലൈനും മാറ്റിയാൽ മാത്രമേ ഓവർ ബ്രിഡ്ജിന് മുകളിൽ ഗർഡറുകൾ വച്ച് കോൺക്രീറ്റ് ചെയ്യുവാൻ കഴിയുകയുള്ളൂ. ഇത് മാസങ്ങളായി നിലച്ചിരിക്കയാണ്. കഴിഞ്ഞ മാസം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഇടപെട്ടതിനെ തുടർന്നാണ് ഇപ്പോൾ പണി ആരംഭിച്ചത്.
12 വൈദ്യുതി തൂണുകളും മൂന്ന് സ്റ്റേ തൂണുകളുമാണ് മാറ്റേണ്ടത്. ഇന്നലെ മൂന്നര മണിക്കൂറിനുള്ളിൽ 5 തൂണുകൾ മാറ്റുകയുണ്ടായി. ഇതിനായി ഒന്നര മണിക്കൂർ ഇത് വഴിയുള്ള ട്രെയിൻ ഗതാഗതം നിലച്ചു. വൈദ്യുതി തൂണുകളും ലൈനുകളും മാറ്റാൻ 10 ദിവസം വേണ്ടിവരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇതിനുള്ള പണി ദ്രുതഗതിയിൽ നടന്നുവരികയാണ്.
ഗർഡറുകൾ സ്ഥാപിച്ചാൽ ഒരു മാസത്തിനുള്ളിൽ ഇതിന് മുകളിൽ കോൺക്രീറ്റ് ചെയ്യാൻ കഴിയും. ഇതിനുള്ളിൽ മഴ തുടങ്ങിയാൽ പണി നീണ്ടു പോകുമെന്ന ആശങ്കയുണ്ട്. ദേശീയപാത പള്ളിക്കരയിൽ മാത്രമാണ് ഇപ്പോൾ റെയിൽവേ ഗേറ്റ് ഉള്ളത്. ഇവിടെ 24 മണിക്കൂറിനുള്ളിൽ 18 പ്രാവശ്യം റെയിൽവേ ഗേറ്റ് അടക്കുന്നത് വലിയ ഗതാഗതതടസമാണ് സൃഷ്ടിക്കുന്നത്. റെയിൽ പാളത്തിന്റെ ഇരുഭാഗത്തുമുള്ള റോഡിന്റെ പ്രവൃത്തി ഇതിനകം പൂർത്തിയായിട്ടുണ്ട്.