കാഞ്ഞങ്ങാട്: ഞാണിക്കടവ് പട്ടാക്കാലിൽ വീട്ടുകാർ ഉത്സവത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് പണവും സ്വർണാഭരണങ്ങളും കവർന്നു. പട്ടാക്കാൽ നേവി ക്ലബ്ബിനു പിറകുവശത്ത് കാഞ്ഞങ്ങാട് പാൽ സഹകരണ സംഘത്തിലെ വിതരണക്കാരൻ വിനുവിന്റെ വീട്ടിലാണ് മോഷണം. 1,40,000 രൂപയും ഏഴു പവൻ സ്വർണാഭരണങ്ങളും മോഷണം പോയിട്ടുണ്ട്.

ഞായറാഴ്ച രാത്രി 7. 30 നും 11 നു മിടയിലാണ് സംഭവം. പട്ടാക്കാൽ മുത്തപ്പൻ മടപ്പുരയിൽ ഉത്സവമുണ്ടായിരുന്നു. ഉത്സവം കാണാൻ വിനുവും കുടുംബവും പോയതാണ്. 11 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് അടുക്കളഭാഗത്തെ ഗ്രിൽസ് തകർത്ത നിലയിൽ കണ്ടത്. പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവും നഷ്ടപ്പെട്ടു. വീട്ടിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ ശ്രദ്ധയിൽ പെടാത്തതിനാൽ നഷ്ടപ്പെട്ടില്ല. വിവരമറിഞ്ഞ് ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. മൂന്നു മാസം മുമ്പ് പട്ടാക്കാലിലെ കെ.എച്ച് അലിയുടെ വീട്ടിലും കവർച്ച നടന്നിരുന്നു. പരിസര പ്രദേശം നന്നായി അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. പൊലീസ് കേസെടുത്തിട്ടുണ്ട്.