കൂത്തുപറമ്പ്: പത്തനംതിട്ടയിൽ 27മുതൽ 30 വരെ നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന നഗറിൽ ഉയർത്തുന്നതിനുള്ള പതാക കൂത്തുപറമ്പിൽ നിന്നും കൊണ്ടുപോയി. കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകത്തിൽ നടന്ന ചടങ്ങിൽ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എം.വി ഗോവിന്ദൻ പതാക കൈമാറി. ജാഥാ ക്യാപ്റ്റനും ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററുമായ എസ്.കെ സജീഷ് ഏറ്റുവാങ്ങി. വൈറ്റ് വോളണ്ടിയർമാരുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയോടുകൂടിയാണ് പതാക ജാഥയായി പത്തനംതിട്ടയിലെത്തിക്കുന്നത്. വിവിധ ജില്ലകളിലെ സ്വീകരണത്തിന് ശേഷം 27ന് വൈകിട്ട് പത്തനംതിട്ടയിലെ സമ്മേളന നഗരിയിൽ പതാകജാഥ എത്തിച്ചേരും.
ചടങ്ങിൽ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് സരിൻ ശശി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, ജാഥ മാനേജർ പി.ബി അനൂപ്, എസ് സതീഷ്, എം.വി ജയരാജൻ, പി. ജയരാജൻ, വത്സൻ പനോളി, ടി.വി രാജേഷ്, എം. ഷാജർ, എ.എൻ ഷംസീർ, എം. വിജിൻ എംഎൽഎ, എം. സുരേന്ദ്രൻ, മുഹമ്മദ് അഫ്സൽ, ടി ബാലൻ, എ.കെ രമ്യ, രക്തസാക്ഷി കെ.വി റോഷന്റെ അമ്മ നാരായണി തുടങ്ങിയവർ പങ്കെടുത്തു.