തളിപ്പറമ്പ്: മെഡിക്കൽ കോളേജിലെ കാത്ത്ലാബിൽ അനുവദിയമായ അളവിലും കൂടുതൽ റേഡിയേഷൻ ഉണ്ടെന്ന് മനഃപൂർവം വരുത്തി തീർത്തുകൊണ്ട് ലാബിൽ നിന്നും രോഗികളെ അകറ്റാനും മെഡിക്കൽ കോളേജിന്റെ യശസിനു ബോധപൂർവമായി കളങ്കം ഉണ്ടാക്കാനും ശ്രമിച്ച കുറ്റക്കാരാണെന്ന് കണ്ടെത്തിയ ജീവനക്കാർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിച്ചു.
കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രിൻസിപ്പൽ ഉറപ്പ് നല്കിയതായി നേതാക്കൾ പിന്നീട് അറിയിച്ചു. വകുപ്പ് തല നടപടിയും പൊലീസിൽ പരാതി നൽകി ക്രിമിനൽ നടപടിയും 3 ദിവസത്തിനുള്ളിൽ സ്വീകരിക്കും. വീഴ്ച വരുത്തിയ എച്ച്.ഒ.ഡിക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അറിയിച്ചതിന് ശേഷമാണ് സമരം അവസാനിപ്പിച്ചതെന്നും നേതാക്കൾ പറഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ്, സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ലാ ഭാരവാഹികളായ പ്രിനിൽ മതുക്കോത്ത്, ശ്രീജേഷ് കൊയിലേരിയൻ, സിജോ മറ്റപ്പള്ളി, സുധീഷ് വെള്ളച്ചാൽ, ശ്രീനിഷ് ടി.പി, മനോജ് കടന്നപ്പള്ളി, അനീഷ് പരിയാരം, ഷിജു കുഞ്ഞിമംഗലം, വിജേഷ് മാട്ടൂൽ, രാഹുൽ പുത്തൻപുരയിൽ, പി. സരീഷ്, പി. പ്രജീഷ്, പി. ജിബിൻ, ആകാശ് ഭാസ്കരൻ, നിധിൻ, ഗോകുൽ നേതൃത്വം നൽകി.