തലശേരി: പ്രതിമാസം 46 രൂപയുടെ വെള്ളം ഉപയോഗിച്ചു വരുന്ന റിട്ട. അദ്ധ്യാപകന് ഇത്തവണ ലഭിച്ചത് 23,020 രൂപയുടെ കുടിവെള്ള ബില്ല്. പാലയാട് വ്യവസായ എസ് സ്റ്റേറ്റ് പരിസരത്തെ ദേവിയിൽ എൻ. പത്മരാജൻ മാസ്റ്റർക്കാണ് ഒരു മാസത്തെ കുടിവെള്ള കരമായി ഏതാണ്ട് കാൽ ലക്ഷം രൂപ അടക്കാനുള്ള അറിയിപ്പ് ലഭിച്ചത്. മേയ് 27 നകം തുക അടച്ചില്ലെങ്കിൽ വെള്ളം തുടർന്ന് കിട്ടില്ലെന്നുള്ള മുന്നറിയിപ്പുമുണ്ട്.

കഴിഞ്ഞ ജനുവരിയിലാണ് ഇദ്ദേഹത്തിന് കുടിവെള്ള കണക്ഷൻ ലഭിക്കുന്നത്. ഉപയോഗിച്ച വെള്ളത്തിന് രണ്ട് മാസത്തേക്ക് 46 രൂപയാണ് ആദ്യം അടച്ചുവന്നത്. ബില്ലിനെ സംബന്ധിച്ച് സ്ഥലത്ത് വന്ന് പരിശോധിച്ച് പരിഹാര നടപടി സ്വീകരിക്കണമെന്നപേക്ഷിച്ച് കേരള വാട്ടർ അതോറിറ്റി തലശേരി സെക്ഷനിലെ അസി. എക്‌സിക്യൂട്ടിവ് എൻജിനീയർക്ക് പരാതി നൽകിയതായി പത്മരാജൻ മാസ്റ്റർ പറഞ്ഞു. എന്നാൽ ഒരാഴ്ച കഴിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്വേഷണത്തിന് എത്തിയിട്ടില്ലെന്ന് പത്മരാജൻ പറഞ്ഞു.