
കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ ബിരുദ പരീക്ഷകൾക്ക് ചോദ്യങ്ങൾ തയ്യാറാക്കാൻ ചുമതലപ്പെട്ട ചില അദ്ധ്യാപകർ കഴിഞ്ഞവർഷത്തെ ചോദ്യപേപ്പർ അതേപടി പുതിയ കവറിലിട്ട് നൽകുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. ചോദ്യപേപ്പറുകൾ ആവർത്തിച്ചത് സംബന്ധിച്ച് സർവകലാശാല ഫിനാൻസ് ഓഫീസർ പി. ശിവപ്പു, സിൻഡിക്കേറ്റ് അംഗം ഡോ. പി. മഹേഷ് കുമാർ എന്നിവർ നടത്തിയ അന്വേഷണ റിപ്പോർട്ട് വൈസ് ചാൻസലർക്ക് ഇന്നലെ കൈമാറി.
ഈ മാസം 21, 22 തീയതികളിൽ നടന്ന ബോട്ടണി, സൈക്കോളജി മൂന്നാം സെമസ്റ്റർ പരീക്ഷകളിലാണ് ചോദ്യം ആവർത്തിച്ചത്. തുടർന്ന് സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷ റദ്ദാക്കിയിരുന്നു. 25ന് നടക്കേണ്ടിയിരുന്ന ഫിലോസഫി ബിരുദം മൂന്നാം സെമസ്റ്റർ പരീക്ഷയിലെ ചോദ്യപേപ്പറിലും ആവർത്തനമുണ്ടായെന്ന വിവരത്തെ തുടർന്ന് അതും മാറ്റിവച്ചു. മേയ് അഞ്ചിന് ചേരുന്ന സിൻഡിക്കേറ്റ് യോഗം റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കും. പരീക്ഷയോട് നിന്ദ കാട്ടിയ അദ്ധ്യാപകരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും.
ചോദ്യകർത്താവ് തയ്യാറാക്കുന്ന മൂന്ന് സെറ്റ് ചോദ്യ പേപ്പർ, ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനും അംഗങ്ങളും പരിശോധിച്ച് വീഴ്ചകൾ ഇല്ലെന്ന് ഉറപ്പുവരുത്തിയശേഷം അതിൽ ഒരു ചോദ്യപേപ്പർ ആണ് പരീക്ഷ കൺട്രോളർ പരീക്ഷയ്ക്കായി ഉപയോഗിക്കുന്നത്.
പരീക്ഷാ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്ത്വം ഏറ്റെടുത്ത് പരീക്ഷാ കൺട്രോളർ പി.ജെ. വിൻസന്റ് അവധിയിൽ പോകും. തിങ്കളാഴ്ച രാജി സന്നദ്ധത അറിയിച്ചെങ്കിലും വി.സി ഇടപെട്ട് കൺട്രോളറെ പിന്തിരിപ്പിക്കുകയായിരുന്നു.