കാഞ്ഞങ്ങാട്: പുല്ലൂരിലെ പ്രവാസി പത്മനാഭന്റെ വീട്ടിൽ കവർച്ച നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. മംഗളൂരുവിലെ കടുമോട്ടയിലെ നുസൈർ എന്ന പഷവത്ത് നസീർ (25), സഹോദരൻ മുഹമ്മദ് ഷാഹിദ് (20) എന്നിവരാണ് പിടിയിലായത്. മറ്റൊരു കേസിൽ മംഗളൂരു പൊലീസ് അറസ്റ്റുചെയ്ത പ്രതികളെ കൂടുതൽ അന്വേഷണത്തിനായി അമ്പലത്തറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി 9നും 14 നും ഇടയിലാണ് പുല്ലൂരിലെ വീട്ടിൽ കവർച്ച നടത്തിയത്. പത്മനാഭൻ കുടുംബസമേതം ഗൾഫിലായതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു.

പറമ്പ് നോക്കിനടത്താൻ പുല്ലൂരിലെ സുധാകരൻ എന്നയാളെ ചുമതലപ്പെടുത്തിയിരുന്നു. 14നാണ് വീടിന്റെ വാതിലുകൾ കുത്തിപൊളിച്ചതായി കണ്ടത്. വീട് പരിശോധിച്ചപ്പോൾ 20,000 രൂപ വിലവരുന്ന മൊബൈൽഫോണുകളും 22000 രൂപ വിലവരുന്ന എയർകോഡും സാമ്പിൾ വിദേശമദ്യങ്ങളും മോഷണം പോയതായി കണ്ടെത്തി.

മോഷണം പോയ മൊബൈൽഫോണാണ് മോഷ്ടാക്കളെ തിരിച്ചറിയാൻ സഹായിച്ചത്. പരിശോധനയിൽ മൊബൈൽഫോൺ മംഗലാപുരത്ത് ഒരു യുവതി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുന്നതിനിടെ മോഷ്ടാക്കളുടെ ബന്ധുവാണ് ഫോൺ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തി. ഇതിനിടയിൽ പത്മനാഭന്റെ വീട്ടിൽ നിന്നും ലഭിച്ച വിരലടയാളം ബേക്കൽ സ്റ്റേഷനിൽ നടന്ന മോഷണ കേസിലും ഉൾപ്പെട്ട പ്രതിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. മറ്റൊരു കേസിൽ മംഗളൂരു പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പൊലീസുകാരെ കുത്തിപരിക്കേൽപ്പിച്ച് രണ്ടുപേരും ഓടി രക്ഷപ്പെട്ടു.

തുടർന്ന് വീണ്ടും ഇവരെ കസ്റ്റഡിയിലെടുത്തപ്പോഴും ഇവർ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. ഒരു എസ്‌.ഐയെ കുത്തിവീഴ്ത്തിയെങ്കിലും പൊലീസിന് പഷവത്ത് നസീറിനെ പിടികൂടാൻ കഴിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സഹോദരനും അറസ്റ്റിലായി.