kattana
ചീക്കാട് കാട്ടാനകൾ നശിപ്പിച്ച കൃഷിയിടം

ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ ചീക്കാട് മേഖലയിൽ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ സംഹാര താണ്ഡവമാടുമ്പോൾ കാഴ്ചക്കാരായി വനംവകുപ്പ്. കർണാടക വനപ്രദേശത്തുനിന്നും ചീക്കാട് പുഴകടന്ന് ജനവാസമേഖലയിലെത്തുന്ന കാട്ടാനക്കൂട്ടം കണ്ണിൽ കാണുന്നതെല്ലാം നശിപ്പിച്ചുകൊണ്ട് പ്രദേശത്ത് ഒരാഴ്ചയായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടും വനപാലകരോ റവന്യൂവകുപ്പ് ഉദ്യോഗസ്ഥരോ യാതൊരു നടപടികളുമെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

കഴിഞ്ഞദിവസം രാത്രിയിലെ കാട്ടാനക്കൂട്ടത്തിന്റെ കടന്നുകയറ്റത്തിൽ ഏക്കർ കണക്കിന് കൃഷിയിടങ്ങളാണ് നശിച്ചത്. ചീക്കാട് മുട്ടത്താംവയലിലെ അറയ്ക്കൽ ജോസഫ് (ടോമി ), പന്തപ്ലാക്കൽ ടോമി എന്നിവരുടെ കുലച്ച് പാതി മൂപ്പെത്തിയ 1500 ഓളം ഏത്തവാഴകളാണ് നശിപ്പിച്ചത്. ഇരുവരുടെയും കഴിഞ്ഞ ഒടുവിലത്തെ അദ്ധ്വാനവും സാമ്പത്തിക ചെലവുകളുമാണ് ഒരു രാത്രികൊണ്ട് തകർത്തെറിഞ്ഞത്.
ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ, തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും സംഭവസ്ഥലം സന്ദർശിച്ചു. കൃഷിനാശം സംഭവിച്ച കർഷകർക്ക് ന്യായമായ നഷ്ടപരിഹാരം എത്രയും വേഗം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കാട്ടാനശല്യത്തിന് ശാശ്വതപരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.

കുടിയിറങ്ങി കുടുംബങ്ങൾ

നിരന്തരമായ കാട്ടാനശല്യം മൂലം നിരവധി കുടുംബങ്ങളാണ് വീടും കൃഷിയിടങ്ങളുമുപേക്ഷിച്ച് ചീക്കാട് മേഖലയിൽ നിന്നും ഓരോ വർഷവും മാറിത്താമസിക്കുന്നത്. വനാതിർത്തിയോടുചേർന്നുള്ള അപ്പർചീക്കാട്, ലോവർചീക്കാട് എന്നിവിടങ്ങളിലെ ആദിവാസി പുനരധിവാസമേഖലകളിൽ നിന്നും നൂറോളം കുടുംബങ്ങളാണ് തങ്ങൾക്കുലഭിച്ച ഭൂമിയിൽ നിന്നും സുരക്ഷിത മേഖലയിലേയ്ക്ക് മാറിയിട്ടുള്ളത്.