martu
പിണറായയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

പിണറായി: മുഖ്യമന്ത്രിയുടെ നാട്ടിൽ കൊലക്കേസ് പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ഒളിവിൽ താമസിച്ചത് സി.പി.എമ്മുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ആരോപിച്ചു. ആർ.എസ് എസ് കൊലയാളിയെ സംരക്ഷിക്കുന്ന സി.പി.എം നിലപാടിനെതിരെ ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ പിണറായിയിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിയെ ഒളിപ്പിച്ച അദ്ധ്യാപികയും ഭർത്താവും ഈ രഹസ്യ ധാരണ അറിയുമോയെന്ന് പറയാനാവില്ല. എന്നാൽ അവർ സി.പി.എം പ്രവർത്ത കരല്ലെന്നാണ് എം.വി ജയരാജൻ പറയുന്നത്. ഇപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശിയെ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കിയത് എന്തിനാണെന്ന് എല്ലാവർക്കു അറിയാം. ഇത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് സ്ഥാനങ്ങൾ നൽകുന്നവരാണ് ഒരു അദ്ധ്യാപികയെ കുറിച്ചു രാഷ്ട്രീയ നേതാക്കൾ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയുന്നത്.

സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വീട്ടിന് സമീപമുള്ള വീടിനു നേരെ ബോംബേറ് നടന്നിട്ടും ഈ കേസിലെ പ്രതികളെ പിടികൂടാൻ പിണറായിയുടെ പൊലിസിന് കഴിഞ്ഞില്ല. സി.പി.എം പ്രവർത്തകനായ പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതികളെ മുഴുവൻ അറസ്റ്റു ചെയ്യാനും ഈ പൊലിസിന് ഇനിയും കഴിഞ്ഞിട്ടില്ല. എന്നാൽ കെ റെയിൽ കുറ്റിയിടുന്നതിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റു ചെയ്യാൻ ഈ പൊലീസുകാർക്ക് ധൃതിയാണെന്നും മാർട്ടിൻ ജോർജ്ജ് പരിഹസിച്ചു.

വി.വി പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വി.എ നാരായണൻ, സജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി തുടങ്ങിയവർ പ്രസംഗിച്ചു. കെ.സി മുഹമ്മദ് ഫൈസൽ, പുതുക്കുടി ശ്രീധരൻ, എൻ.പി ശ്രീധരൻ, രാജീവൻ പാനുണ്ട, രാജീവൻ എളയാവൂർ, കെ.പി സാജു, കണ്ടോത്ത് ഗോപി, കെ.കെ. ജയരാജൻ, റഷീദ് കവ്വായി, സി.ടി സജിത്ത്, ടി. ജയകൃഷ്ണൻ, രജനി രമാനന്ദ്, എം.കെ. ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.