mahe-electric
മാഹിയിലെ ട്രാൻസ്‌ഫോർമറുകൾക്ക് ചുറ്റിലും സ്ഥാപിക്കുന്ന ബാരിക്കേഡ്‌

മാഹി: സ്വകാര്യവത്ക്കരണത്തിന്റെ വാൾമുന തലയ്ക്ക് മീതെ നിൽക്കുന്ന മാഹി വൈദ്യുതി വകുപ്പിനെ ശ്വാസംമുട്ടിച്ച് ഇല്ലായ്മകളും പോരായ്മകളും. മതിയായ ജീവനക്കാരില്ലാതെ, സഞ്ചരിക്കാൻ വാഹനമില്ലാതെ, തൊഴിലാളികൾ അമിത ജോലി ഭാരത്താൽ വീർപ്പുമുട്ടുകയാണ്. 22 ടെക്‌നിക്കൽ സ്റ്റാഫിന്റേയും, ഏഴ് ഓഫീസ് ജീവനക്കാരുടേയും, അഞ്ച് ജൂനിയർ എൻജിനിയർമാരുടേയും തസ്തികകൾ വകുപ്പിൽ ഒഴിഞ്ഞ് കിടപ്പാണ്. ജീവനക്കാർ വിരമിച്ചാലും, സ്ഥലംമാറ്റം ചെയ്യപ്പെട്ടാലും പകരം നിയമനം നടക്കാറില്ല.
30 വർഷം മുമ്പ് സ്ഥാപിച്ച പള്ളൂർ വൈദ്യുതി സബ് സ്റ്റേഷനിൽ യാതൊരു നവീകരണവും നടന്നിട്ടില്ല. ഉപഭോക്താക്കളുടെ എണ്ണം എത്രയോ മടങ്ങ് വർദ്ധിച്ചിട്ടും സബ് സ്റ്റേഷനകത്തു തന്നെ കാലികമായ നവീകരണങ്ങൾ നടക്കാത്തതിനാൽ പൊട്ടിത്തെറിയും അപകടങ്ങളും സംഭവിച്ചിട്ടും ഇതേ വരെ നവീകരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. ഇതിലേക്കായി 16 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നല്ലാതെ, തുടർ നടപടികളുമുണ്ടാവുന്നില്ല. 80 ലക്ഷം രൂപ ചെലവിൽ മയ്യഴിപ്പുഴയിലൂടെ ലൈൻ കൊണ്ടുപോകാൻ ഇരുകരകളിലും ടവറുകൾ സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്.
ഹൈമാസ്റ്റ്, ലോ മാസ്റ്റ് ലൈറ്റുകൾ മിക്കതും കണ്ണടച്ചിട്ട് നാളുകളേറെയായി. ജീവനക്കാരുടെ കടുത്ത ക്ഷാമം നിലനിൽക്കുന്നതിനാൽ പലപ്പോഴും അവർക്ക് രാപകലില്ലാതെ ജോലി ചെയ്യേണ്ടി വരുന്നു. ലൈൻ സുരക്ഷ ഉറപ്പാക്കാൻ മഴക്കാലപൂർവ്വ മുൻകരുതലുകളെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല. ഇടക്കിടെ വൈദ്യുതി നിലയ്ക്കുന്നത് പള്ളൂർ, പന്തക്കൽ മേഖലകളിൽ വിദ്യാർത്ഥികളടക്കമുള്ള ജനങ്ങൾക്ക് ഏറേ പ്രയാസമുണ്ടാക്കുന്നുണ്ട്. വോൾട്ടേജ് ക്ഷാമം പലയിടങ്ങളിലും രൂക്ഷമാണ്. ഫാൻ പോലും കറങ്ങാത്ത അവസ്ഥയിൽ, വേനൽ കാഠിന്യത്തിൽ പൊതുജനം ഞെരിപിരി കൊള്ളുന്നു.

കേന്ദ്ര വിഹിതവും കുറവ്
കേന്ദ്രപൂളിൽ നിന്ന് മാഹിക്ക് 110 മെഗാവാട്ട് വൈദ്യുതി ലഭിക്കേണ്ടിടത്ത് ഇപ്പോൾ 82 മെഗാവാട്ട് മാത്രമാണ് ലഭിക്കുന്നത്. നെയ് വേലിയിലെ ഉൽപ്പാദന കേന്ദ്രത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങളും, കെ.എസ്.ഇ.ബിയിലെ ചില പ്രതിസന്ധിയുമാണ് ഇതിന് കാരണമെന്നറിയുന്നു.


ജനശബ്ദം മാഹി കഴിഞ്ഞ രണ്ട് വർഷമായി നിരന്തരം നടത്തിവന്ന ഇടപെടലിലൂടെ മയ്യഴി മേഖലയിലെ മുഴുവൻ ട്രാൻസ്‌ഫോർമറുകൾക്കും ബാരിക്കേടുകൾ നിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. മേഖലയിലെ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നു. 29, 30 തീയതികളിൽ മാഹിയിലും, പള്ളൂരും പുതുച്ചേരി വൈദ്യുതി ഉപഭോക്തൃഫോറം സിറ്റിംഗ് നടത്തും.

അസി: എക്സിക്യൂട്ടീവ് എൻജിനീയർ