chood

കണ്ണൂർ : അനുദിനം വർദ്ധിച്ച താപനിലയിൽ വലഞ്ഞ് കണ്ണൂർ നഗരം.ഇന്നലെ 34 ഡിഗ്രി ആയിരുന്നു ജില്ലയിലെ താപനില.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 34 -37 ഡിഗ്രിയിലാണ് ജില്ലയിൽ അനുഭവപ്പെടുന്ന താപനില.മഴ കുറയുന്നത് തന്നെയാണ് ചൂട് വർദ്ധിക്കാനിടയാക്കിയത്.

വൈകുന്നേരങ്ങളിൽ കനത്ത മഴ പെയ്താലും അടുത്ത ദിവസം ഉച്ചയ്ക്ക് മുൻപ് തന്നെ ചൂടിന്റെ കാഠിന്യം തുടങ്ങുന്നു.ഈർപ്പമില്ലാത്ത വരണ്ട കാറ്റാണ് ഇപ്പോഴുള്ളത് ഇത് രാത്രിയിലും അന്തരീക്ഷ താപനില വർദ്ധിപ്പിക്കുന്നുണ്ട്.അടുത്ത ദിവസങ്ങളിലായി വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാലസ്ഥാ നീരീക്ഷകർ പറഞ്ഞു. പലഭാഗങ്ങളിലും പകൽ നല്ല ചൂട് അനുഭവപ്പെടുകയും വൈകുന്നേരങ്ങളിൽ മഴ ലഭിക്കുകയും ചെയ്യും.

കുറച്ചു വർഷങ്ങളായി ഏപ്രിൽ, മേയ് മാസങ്ങളിൽ വേനൽമഴയുടെ അളവ് വർദ്ധിക്കുന്നുണ്ട്. എന്നാൽ ഏ​റ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന ജൂണിൽ കുറവാണുതാനും.ഇത് കൃഷിയെ സാരമായി ബാധിക്കുന്നുണ്ട്.ചൂടിന്റെ മാറ്റത്തിനനുസരിച്ച് കൃഷിയിലും മാറ്റം വരുത്തണമെന്ന് കാലാവസ്ഥ വിദഗ്ദരുടെ അഭിപ്രായം.നെൽകൃഷി ഉൾപ്പെടെ ഒക്ടോബർ തുടക്കത്തിലും മാർച്ചിലും കൊയ്യുന്ന രീതിയിലാകണമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷത്തേതിൽ നിന്നും 2.6 ഡിഗ്രി വർദ്ധന

കഴിഞ്ഞ ദിവസം ജില്ലയിൽ 37.5 ഡിഗ്രി താപനിലയാണ് രേഖപ്പെടുത്തിയത്.ഇത് സാധാരണയുള്ളതിൽ നിന്നും 2.6 ഡി‌ഗ്രി വർധനവാണ് .രാവിലെ രേഖപ്പെടുത്തിയ താപ നില 28.7 ഡിഗ്രിയായിരുന്നു.ഇതും സാധാരണയിൽനിന്നും 2.9 ഡി‌ഗ്രി അധികമാണ്.മൊത്തത്തിൽ ജില്ല പൊള്ളുകയാണെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.സംസ്ഥാനത്ത് ‌പാലക്കാട് കഴിഞ്ഞാൽ (37.6)​കൂടിയ ചൂട് കണ്ണൂരും കോഴിക്കോട്ടുമാണ്. ചൂട് ക്രമാധീതമായി വർധിച്ചതോടെ പുറത്തിറങ്ങാൻ കഴിയാത്ത വിധം ആളുകൾ വലയുകയാണ്.

മേയ് ആദ്യം ന്യൂനമർദസാദ്ധ്യത

മേയ് ആദ്യത്തോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ ഏതാനും ദിവസം നല്ല മഴ ലഭിക്കാനും ചൂട് അൽപം കുറയാനുമിടയുയുണ്ട്. ഈർപ്പം കൂടുകയും ആകാശം മേഘാവൃതമാകുകയും ചെയ്തതോടെ ഈ വർഷം അൾട്രാ വയല​റ്റ് സൂചിക ഏപ്രിലിലെ ശരാശരിയെക്കാളും താഴ്ന്നതായാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ സാധാരണയിൽ കൂടുതൽ താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.പൊതുവെ ജില്ലയിൽ ഉയർന്ന താപനില തന്നെയാണ് റിപ്പോർട്ട് ചെയ്യുന്നത്.അടുത്ത ദിവസങ്ങളിലായി വടക്കൻ കേരളത്തിലെ മലയോര പ്രദേശങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്.

രാജീവൻ എരിക്കുളം ,കാലാവസ്ഥ ഗവേഷകൻ