കാസർകോട്: കേരളത്തിലെ വർത്തമാനപത്രങ്ങൾക്കെല്ലാം സ്വതന്ത്രമായ നിലപാടുകൾ ഉണ്ടാകാമെങ്കിലും കേരളകൗമുദി എന്നും സാധാരണക്കാരുടെ കാഴ്ചപ്പാടുകൾക്കൊപ്പം നിന്ന പത്രമാണെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു. നവീകരിച്ച കേരളകൗമുദി കാസർകോട് ബ്യൂറോയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാടിന്റെ പൊതുവായ വികാര വിചാരങ്ങളുമായി താദാത്മ്യം പ്രാപിക്കുകയും സാധാരണ ജനവിഭാഗത്തിന്റെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുകയും ചെയ്യുന്ന പത്രമായി കേരളകൗമുദി നിലകൊള്ളുകയാണ്. നമ്മുടെ നാട്ടിലെ നിയമങ്ങൾ സാധാരണ ജനത്തിന് നീതി കിട്ടാൻ ഉണ്ടാക്കിയിട്ടുള്ളതാണ്. എന്നാൽ നിയമങ്ങളെ അധികാരികൾ കശക്കി എറിയുമ്പോൾ നീതി നിഷേധത്തിനെതിരെയുള്ള പോരാട്ടം നടത്തേണ്ടി വരുന്നു. ആ പോരാട്ടത്തിനൊപ്പം കേരളകൗമുദിയും അണിനിരക്കുന്നത് ആശ്വാസകരമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം നിൽക്കുന്നതാണ് പത്രധർമ്മം. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിന് സ്തുത്യർഹമായ പങ്കുവഹിക്കാൻ കേരളകൗമുദിക്ക് ആയിട്ടുണ്ടെന്നും നെല്ലിക്കുന്ന് പറഞ്ഞു.

പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ കേരളകൗമുദി യൂണിറ്റ് മാനേജർ എം.പി ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള കൗമുദി ജനറൽ മാനേജർ (സെയിൽസ്) ഡി. ശ്രീസാഗർ ആമുഖഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം സയറക്ടർ ബോർഡ് മെമ്പർ പി. ദാമോദര പണിക്കർ എന്നിവർ മുഖ്യാതിഥികളായി. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ.വി കുഞ്ഞിരാമൻ, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുള്ള, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റും എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയുമായ ഗണേഷ് പാറക്കട്ട, സി.പി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, എൻ.സി.പി ഒ.ബി.സി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എ.ടി വിജയൻ, കെ ത്രീ എ ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് എന്നിവർ പ്രസംഗിച്ചു. കേരളകൗമുദി കാസർകോട് റിപ്പോർട്ടർ ഉദിനൂർ സുകുമാരൻ സ്വാഗതവും സീനിയർ റിപ്പോർട്ടർ കെ.വി. ബാബുരാജൻ നന്ദിയും പറഞ്ഞു. ഉദ്‌ഘാടന സമ്മേളനത്തിന് മുമ്പായി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ചേരൂർ കോംപ്ലക്സിൽ കേരള കൗമുദിയുടെ നവീകരിച്ച ബ്യൂറോയിൽ പി. ദാമോദര പണിക്കരും സ്വാമി പ്രേമാനന്ദയും (ശിവഗിരി മഠം) ഭദ്രദീപം കൊളുത്തി. സാമൂഹ്യ, സാംസ്കാരിക, മാദ്ധ്യമ രംഗങ്ങളിലെ പ്രമുഖർ സംബന്ധിച്ചു.