തളിപ്പറമ്പ്: മെഡിക്കൽ ഷോപ്പ് ഉടമയെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചുവെന്ന പരാതിയിൽ കേസ്. ചിറവക്കിലെ കൈരളി മെഡിക്കൽ ഷോപ്പ് ഉടമയും മാപ്പിള കലാസമിതി തളിപ്പറമ്പ് ചാപ്റ്റർ പ്രസിഡന്റുമായ ചിറവക്ക് തമ്പുരാൻ നഗറിലെ പുതിയവളപ്പിൽ മുഹമ്മദ് അഷ്രഫിനെ (52) വധിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. തലക്ക് സാരമായി പരിക്കേറ്റ അഷ്രഫിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഏഴാംമൈലിലെ ചെറുകുന്നേൽ ഷക്കീർ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ചതായാണ് പരാതി. രക്തത്തിൽ കുളിച്ചുകിടക്കുന്ന അഷ്രഫിനെ കണ്ട് ബോധരഹിതയായ ഭാര്യയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാങ്ങാട്ടുപറമ്പ് കെ.എ.പിയിലെ പൊലീസുകാരൻ രമേശൻ വിളിച്ചതനുസരിച്ചാണ് അഷ്രഫ് ഷക്കീറിനരികിലെത്തിയതത്രെ. തളിപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് ഓഫീസർ എന്ന നിലയിലാണത്രെ രമേശൻ സംസാരിച്ചത്.
അഷ്രഫിന്റെ വീടിന് സമീപത്താണ് ഷക്കീർ വീട് പണിയുന്നത്. വീട്ടുനിർമ്മാണ സാമഗ്രികൾ അഷ്രഫിന്റെ വീട്ടുപറമ്പിലാണ് സൂക്ഷിച്ചിരുന്നത്. ഇത് മാറ്റാൻ അഷ്രഫ് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച തർക്കം കഴിഞ്ഞദിവസം തളിപ്പറമ്പ് പൊലീസ് പറഞ്ഞുതീർത്തിരുന്നു. ഇതിനുശേഷമാണ് വീണ്ടും ഇരുവരും ചർച്ചയ്ക്കെത്തിയത്. നിലത്ത് വീണ അഷ്രഫിനെ രമേശനും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ഷക്കീറിന്റെ പേരിൽ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. രമേശനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.