നാറാത്ത്: പുല്ലൂപ്പിക്കടവ് പുഴയോര ടൂറിസം പദ്ധതി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാർ 4,01,50,000 രൂപയുടെ ഭരണാനുമതി നൽകി. കെ.വി സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നാറാത്ത് ഗ്രാമ പഞ്ചായത്തുമായി ചേർന്ന് കഴിഞ്ഞ മാസം വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ടൂറിസം ഡയറക്ടർ സമർപ്പിച്ച പ്രൊപ്പോസലിന് വർക്കിംഗ് ഗ്രൂപ്പ് യോഗം അംഗീകാരം നൽകിയിരുന്നു. പുഴയോരങ്ങളിൽ ഇരിപ്പിടങ്ങൾ, പാലത്തിന് ഇരുവശവും ചിത്രപ്പണികളോട് കൂടിയ വിളക്ക് കാലുകൾ, വാട്ടർ സ്പോർട്സ് ആക്റ്റിവിറ്റികൾ, പാർക്ക്, നടപ്പാതകൾ, സൈക്ലിംഗ് പാത, കഫ്‌റ്റേരിയ തുടങ്ങിയവ ഉൾപ്പെടെയുള്ള പുഴയോര ടൂറിസം പദ്ധതിക്കാണ് അനുമതി ലഭിച്ചത്. ടെൻഡർ നടപടികൾ പൂർത്തിയാക്കി പദ്ധതി വേഗതയിൽ ആരംഭിക്കുമെന്ന് കെ.വി സുമേഷ് എം.എൽ.എ പറഞ്ഞു.