ചക്കരക്കൽ: ചക്കരക്കല്ലിൽ വ്യാപാര കേന്ദ്രത്തിൽ വൻ തീപിടിത്തം. ബേക്കറി ഉൾപ്പെടെ മൂന്ന് കടകൾ കത്തിനശിച്ചു. വിദ്യാർത്ഥികളടക്കമുള്ള നൂറു കണക്കിന് യാത്രക്കാർ നിത്യവും വന്നുപോകുന്ന ബസ് സ്റ്റാൻഡിലാണ് ഇന്നലെ രാവിലെ വൻ തീ പിടിത്തമുണ്ടായത്.
ഇന്നലെ രാവിലെ ഏഴര മണിയോടെയാണ് തീപിടിത്തമുണ്ടായത്. ബസ് സ്റ്റാൻഡ് കോംപ്ലക്‌സിലെ പൊതുവാച്ചേരി സ്വദേശി രാജന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ബേക്കറിക്കാണ് ആദ്യം തീ പിടിച്ചത്. ബേക്കറിയുടെ മുകളിൽ പ്രവർത്തിക്കുന്ന മാച്ചേരി സ്വദേശി ആകാശിന്റെ ഉടമസ്ഥതയിലുള്ള ക്രയോൺസ് പ്രിന്റിംഗ് ഹബ്ബ് ബാനർ പ്രിന്റിംഗ് സ്ഥാപനത്തിലേക്കും തീപടർന്നു. രണ്ട് സ്ഥാപനങ്ങളും പൂർണ്ണമായും കത്തിനശിച്ചു. രണ്ടാം നിലയിലെ എസ്.ഇ.ആർ.സി ട്യൂഷൻ സെന്ററിനും തീപിടിച്ച് ഭാഗികമായി കത്തിനശിച്ചു.
കണ്ണൂരിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയും നാട്ടുകാരും ചക്കരക്കൽ പൊലീസും ചേർന്ന് മൂന്ന് മണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണച്ചത്. സമീപത്തെ വിവിധ ഷോപ്പുകൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇതിന് തൊട്ടടുത്തുള്ള പവിത്രാ ജുവലറിയുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും കേടുപാടുകൾ പറ്റി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് അഗ്നിശമന സേന സംശയിക്കുന്നു ചക്കരക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഒരു കോടി നഷ്ടം
നൂറു കണക്കിന് കടകൾ പ്രവർത്തിക്കുന്ന ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്‌സിലാണ് തീപിടിത്തം. ഇതിന് 50 മീറ്റർ അകലെ റോഡിന് മറുവശം ഒരു പെട്രോൾ പമ്പും പ്രവർത്തിക്കുന്നുണ്ട്. പകൽ നേരമായതിനാൽ തീ വ്യാപിപ്പിക്കുന്നത് രക്ഷാപ്രവർത്തനത്തിലൂടെ തടയാനായി. ബേക്കറിയിലെ ഫ്രീസർ, കൂളർ, ഫ്‌ളക്‌സ് പ്രിന്റിംഗ് മെഷീൻ, ബേക്കറി ഉൽപന്നങ്ങൾ എന്നിങ്ങനെ ഒരു കോടിയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കുന്നു.