കാഞ്ഞങ്ങാട്: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി 'എന്റെ കേരളം" പ്രദർശന വിപണനമേള ആലാമിപ്പള്ളിയിൽ മേയ് മൂന്ന് മുതൽ 9 വരെ നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇ. ചന്ദ്രശേഖരൻ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാലിന് വൈകീട്ട് 5 മണിക്ക് മേളയുടെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ചടങ്ങിൽ പച്ചക്കറി തൈ വിതരണം ചെയ്ത് മന്ത്രി നിർവഹിക്കും. ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിക്കും.
ജില്ലയിലെ എം.പി, എം.എൽ.എമാർ, തദ്ദേശ ഭരണസ്ഥാപന ജനപ്രതിനിധികൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജില്ലാ കളക്ടർ പങ്കെടുക്കും. മേയ് 4 ന് കോട്ടച്ചേരിയിൽ നിന്ന് ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് വരെ സാംസ്‌കാരിക ഘോഷയാത്ര. മേളയിൽ എന്റെ കേരളം തീം ഏരിയയ്ക്ക് പുറമെ ചെറുകിട വ്യവസായ സംരംഭങ്ങളുടെ 100 വിപണന സ്റ്റാളുകൾ, വിവിധ വകുപ്പുകളുടെ സേവനങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനുള്ള സ്റ്റാളുകൾ, വിവിധ വകുപ്പുകളുടെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ 70 സ്റ്റാളുകൾ, കാർഷിക പ്രദർശന വിപണനം, ടൂറിസം, ശാസ്ത്രസാങ്കേതിക പ്രദർശനം, കുടുംബശ്രീ ഭക്ഷ്യമേള എന്നിവ മുഖ്യ ആകർഷകമാകും. പ്രവേശനം സൗജന്യമാണ്.
എല്ലാ ദിവസങ്ങളിലും സെമിനാറുകളും വൈവിദ്ധ്യമാർന്ന കലാപരിപാടികളും അരങ്ങേറും.
മേയ് 3ന് വൈകീട്ട് 5.30ന് തൃക്കരിപ്പൂർ തങ്കയം ഷൺമുഖ വനിതാ കോൽക്കളി സംഘം അവതരിപ്പിക്കുന്ന ചരട് കുത്തി കോൽക്കളി. 6ന് സിനിമാ നാടക പിന്നണി ഗായകൻ വി.ടി മുരളി നയിക്കുന്ന ഇശൽ നിലാ സ്മൃതി ഗീതങ്ങൾ അരങ്ങേറും.
9ന് രാവിലെ 10 മുതൽ 1 മണി വരെ വനിതാ ശിശു വികസനം, സാമൂഹിക നീതി വകുപ്പുകൾ നേതൃത്വം നൽകുന്ന സെമിനാറുകൾ. വൈകീട്ട് സമാപന സമ്മേളനവും വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടക്കും. വൈകീട്ട് 6ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രാജലക്ഷ്മിയുടെ 'രാജലക്ഷ്മി ലൈവ്' മ്യൂസിക് ഷോ. യുവസംഗീത പ്രതിഭകളായ അർജുൻ ബി കൃഷ്ണ, സംഗീത്, വിഷ്ണുവർദ്ധൻ എന്നിവരും സംഗീതവിരുന്നൊരുക്കും.
മേളയുടെ പ്രചാരണത്തിനായി കരകൗശല നിർമ്മാണം, ക്വിസ്, കവിതാലാപനം, വടംവലി, അനൗൺസ്‌മെന്റ് തുടങ്ങിയ വ്യത്യസ്ത കലാ -കായിക മത്സരങ്ങൾ , ഹ്രസ്വചിത്രങ്ങൾ , ഡിജിറ്റൽ പോസ്റ്റർ, ബാലചന്ദ്രൻ കൊട്ടോടിയുടെ മാജിക് ഷോ, പോസ്റ്റർ, ബാനർ, സെലിബ്രിറ്റികളുടെ ആശംസ സന്ദേശങ്ങൾ എന്നിവയെല്ലാം പ്രയോജനപ്പെടുത്തും. വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർ പേഴ്‌സൺ കെ.വി സുജാത, പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എം. മധു, കിഫ്ബി പ്രതിനിധി വിശ്വം പത്മനാഭൻ, കെ.വി ശ്രീലേഖ എന്നിവരും സംബന്ധിച്ചു.