മട്ടന്നൂർ: ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ദാഹജലമെത്തിക്കുന്ന കീഴല്ലൂരിലെ പമ്പിംഗ് സ്റ്റേഷനും മൈലാടിയിലെ ശുദ്ധീകരണകേന്ദ്രവും നവീകരണം തേടുകയാണ്. 1971-ൽ കമ്മിഷൻ ചെയ്ത് പ്രവർത്തനം തുടങ്ങിയ ജലവിതരണ കേന്ദ്രം അരനൂറ്റാണ്ട് പിന്നിട്ടിട്ടും കാതലായ നവീകരണങ്ങളൊന്നും നടന്നില്ല. കണ്ണൂർ, തലശേരി, മാഹി എന്നിവിടങ്ങളിലേക്ക് മുടക്കമില്ലാതെ ജലവിതരണം നടത്തിയിരുന്ന കേന്ദ്രമാണിത്. പുതിയ പല ജലവിതരണപദ്ധതികളും വന്നതോടെ കണ്ണൂരിലേക്കുള്ള ജലവിതരണം ഒഴിവാക്കി. പകരം തലശേരി മുനിസിപ്പാലിറ്റി, മാഹി എന്നിവിടങ്ങളിലും സമീപത്തെ നിരവധി പഞ്ചായത്തുകളിലുമുള്ള ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഇവിടെ നിന്ന് വെള്ളം നൽകുന്നത്.

നിലവിൽ പതിനായിരത്തിലധികം ഉപഭോക്താക്കളുണ്ട്. പുതിയ പദ്ധതികൾക്കൊപ്പം കീഴല്ലൂരിലെ ഓഫീസ് സംവിധാനവും മാറ്റി. സബ് ഡിവിഷനായിരുന്നത് സെക്ഷൻ ഓഫീസായി മാറ്റി. ജീവനക്കാരുടെ എണ്ണത്തിലും മാറ്റമുണ്ടായി. എന്നാൽ കാലമേറെ കഴിഞ്ഞിട്ടും ജല വിതരണകേന്ദ്രത്തിനും ശുദ്ധീകരണ യൂണിറ്റിനും അനുബന്ധ ഓഫീസുകൾക്കും കാലാനുസൃതമായ നവീകരണം നടത്തിയിട്ടില്ല. ജീവനക്കാരുടെ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നശിച്ചു. ജനറേറ്റർ, മോട്ടോറുകൾ തുടങ്ങി നിരവധി ഉപകരണങ്ങൾ കാലങ്ങളായി തുരുമ്പെടുത്ത്‌ നശിക്കുന്നു. പദ്ധതിപ്രദേശമാകെ കാടുകയറിക്കിടക്കുകയാണ്. ആറ് ഷട്ടറുകളുള്ള കീഴല്ലൂരിലെ ജലസംഭരണിയുടെ ചോർച്ച പൂർണമായും തടയാനും കഴിഞ്ഞിട്ടില്ല.

അതേസമയം മൈലാടിയിലെ ശുദ്ധീകരണകേന്ദ്രത്തിൽ നവീകരണത്തിനായി 60 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ടെൻഡറായിട്ടുണ്ടെങ്കിലും പ്രവർത്തനങ്ങളൊന്നും തുടങ്ങിയിട്ടില്ല. ശുദ്ധീകരണ ഉപകരണങ്ങൾ, ഫിൽട്ടർ ബെഡുകൾ എന്നിവ മാറ്റി സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഇതിന്റെ ഭാഗമായി നടക്കേണ്ടതുണ്ട്. കീഴല്ലൂരിൽ പമ്പിംഗിനാവശ്യമായ പുതിയ രണ്ടു മോട്ടോറുകൾ വാങ്ങുന്നതിനും സ്ഥാപിക്കുന്നതിനും ഒരുകോടി രൂപയുടെ പദ്ധതിക്ക് അനുമതിയായെങ്കിലും പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. ഉപയോഗശൂന്യമായ ജനറേറ്ററുകൾ ഉൾപ്പെടെയുള്ളവ ലേലംചെയ്തെങ്കിലും ഇത് നീക്കിയിട്ടില്ല.

അഞ്ചരക്കണ്ടി പുഴയിലെ തെളിനീര്

മറ്റെവിടെനിന്ന് ലഭിക്കുന്ന വെള്ളത്തേക്കാളും ശുദ്ധവും നിലവാരമുള്ളതുമാണ് അഞ്ചരക്കണ്ടിപ്പുഴയിൽനിന്ന്‌ ശേഖരിക്കുന്ന വെള്ളം. ശുദ്ധീകരിക്കുന്നതിനുള്ള ചെലവും വളരെ കുറവാണ്. വെളിയമ്പ്രയിലെ ശുദ്ധീകരണകേന്ദ്രത്തിലെ ഉപകരണങ്ങൾ (ഫിൽട്ടർ ബെഡുകൾ) കൂടെക്കൂടെ വൃത്തിയാക്കേണ്ടിവരുന്നുണ്ട്. ഇതിന്‌ ചെലവേറെയാണ്. മാത്രമല്ല കീഴല്ലൂർ പമ്പിംഗ് സ്റ്റേഷനും മൈലാടി ശുദ്ധീകരണകേന്ദ്രവും ഏറ്റവും കുറഞ്ഞ ദൂരത്തായതിനാൽ വളരെ കുറഞ്ഞ ചെലവിൽ ജലമെത്തിക്കാനും കഴിയുന്നുണ്ട്. കീഴല്ലൂരിൽ കടുത്ത ജലക്ഷാമം നേരിടുമ്പോൾ മാത്രമാണ് മൈലാടിയിലേക്ക് വെളിയമ്പ്രയിൽനിന്ന് നേരിട്ട് വെള്ളമെത്തിക്കുന്നത്. ഇതിനായി പ്രത്യേക പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.