തളിപ്പറമ്പ്: കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ കാത്ത്‌ലാബ് തകർത്ത സംഭവത്തിൽ
പരിയാരം പൊ ലീസ് കേസെടുത്തു. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിൽ
ഇൻസ്‌പെക്ടർ കെ.വി. ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം മേധാവിയും പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധനുമായ ഡോ. എസ്.എം. അഷ്‌റഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പൊലീസ് കാർഡിയോളജി വിഭാഗത്തിലെത്തി നാശനഷ്ടം വരുത്തിയ കാത്ത്‌ലാബ് പരിശോധിച്ചു. ഫോറൻസിക് പരിശോധന കൂടി ഇക്കാര്യത്തിൽ നടത്തുമെന്നും കാർഡിയോളജി വിഭാഗത്തിലും കാത്ത്‌ലാബിലും ജോലിനോക്കുന്ന ജീവനക്കാരെ മുഴുവൻ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കേരളത്തിൽ ഇതിന് മുമ്പ് ഒരിക്കലും ഇത്തരത്തിലൊരു കേസ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ലാത്തതിനാൽ നിയമോപദേശം തേടിയതിന് ശേഷമാണ് പൊലീസ് പ്രിൻസിപ്പലിന്റെ പരാതിയും അന്വേഷണ റിപ്പോർട്ടും കൂടാതെ ഡോ. എസ്.എം. അഷറഫിന്റെ മൊഴിയുടെ കൂടി അടിസ്ഥാനത്തിൽ കേസെടുത്തത്.