martin

കണ്ണൂർ: കെ റെയിൽ സർവേ കല്ലുകൾ പിഴുതെറിഞ്ഞുള്ള സമരത്തിന്റെ പേരിൽ ജനനേതാക്കൾക്കെതിരേ ജാമ്യമില്ലാവകുപ്പുകൾ ചുമത്തി കേസെടുത്തതു കൊണ്ടൊന്നും സമരത്തിൽ നിന്നും പുറകോട്ട് പോകുമെന്ന് സർക്കാർ കരുതേണ്ടെന്ന് ഡി.സി.സി അദ്ധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു. ജയിലു കാണുമ്പോൾ നെഞ്ചു വേദനയെടുക്കുന്നവരല്ല കോൺഗ്രസിന്റേയും യു.ഡി.എഫിന്റേയും നേതാക്കന്മാർ. നേതാക്കളെ ജയിലിലടച്ച് സമരത്തെ തളർത്താമെന്ന് കരുതുന്നവർക്ക് ചരിത്രബോധം തെല്ലുമില്ലെന്ന് പറയേണ്ടി വരും. കെ-റെയിൽ സമരത്തെ തല്ലിത്തോൽപ്പിക്കാമെന്ന് കരുതിയവർ ആ വഴിയടഞ്ഞപ്പോഴാണ് ജനനേതാക്കളെ ജാമ്യമില്ലാ കേസിൽ പെടുത്തി ജയിലിലടക്കാൻ നോക്കുന്നതെന്നും വാർത്താകുറിപ്പിൽ അദ്ദേഹം പറഞ്ഞു.