കാഞ്ഞങ്ങാട്: എല്ലാ ദിവസവും ഹാപ്പിനസായി ജീവിക്കുന്ന സമൂഹം ഉണ്ടാകണമെന്നതാണ് പിണറായി സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി എം. വി. ഗോവിന്ദൻ പറഞ്ഞു. കോട്ടച്ചേരി കുന്നുമ്മലിൽ കാഞ്ഞങ്ങാട് സഹകരണ ആശുപത്രി സൊസൈറ്റിയുടെ കെ.പി കൃഷ്ണൻ നായർ സ്മാരക സഹകരണ ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മാതൃക കേരളം തന്നെ ഉണ്ടാക്കിയതാണ്. സഹകരണ ആശുപത്രികൾ വരുന്നത് സ്വകാര്യ ആശുപത്രികൾ ചികിത്സാ ചിലവ് കുറയ്ക്കാൻ കാരണമാകുമെന്നും മന്ത്രി പറഞ്ഞു. സഹകരണ ആശുപത്രിക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങൾ സാമ്പത്തിക സഹായം നൽകണമെന്നുള്ള തന്റെ നിർദ്ദേശം അത്തരം ആശുപത്രികൾ ജനങ്ങൾക്ക് വേണ്ടിയുള്ളത് എന്നതുകൊണ്ടാണ്. ഇനിയും അത്തരം നിർദ്ദേശങ്ങൾ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. ശോഭ, എം. കുമാരൻ, എസ്. പ്രീത, നഗരസഭാ വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, കൗൺസിലർമാരായ എം. ബൽരാജ്, ശോഭന, ഡോ. കെ.വി. വാസു, കെ.വിശ്വനാഥൻ, എം. കുഞ്ഞമ്പാടി, സി. യൂസഫ് ഹാജി, ടി. സത്യൻ, സി.കെ. ബാബുരാജ്, പി. പ്രവീൺകുമാർ, അഡ്വ. കെ. രാജ്‌മോഹൻ, എം. ഹമീദ് ഹാജി തുടങ്ങിയവർ സംസാരിച്ചു. സൊസൈറ്റി പ്രസിഡന്റ് പി. അപ്പുക്കുട്ടൻ സ്വാഗതവും ഡയറക്ടർ എം. ശ്രീകണ്ഠൻ നായർ നന്ദിയും പറഞ്ഞു. മേയ് 4 മുതൽ ആശുപത്രി പ്രവർത്തനം ആരംഭിക്കുമെന്ന് ഭരണ സമിതി അറിയിച്ചു.
കെ.പി കൃഷ്ണൻ നായർ സ്മാരക സഹകരണ ആശുപത്രി മന്ത്രി എം. വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു