മാഹി: ഒരു കാലത്ത് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വിമത ശബ്ദം എം.വി. ദേവന്റേതായിരുന്നുവെന്ന് നോവലിസ്റ്റ് എം. മുകുന്ദൻ. കൂത്തുപറമ്പ് ഏഷ്യൻ ആർട്സ് സെന്റർ, കൊച്ചിയിലെ എം.വി. ദേവൻ ഫൗണ്ടേഷൻ, മലയാള കലാഗ്രാമം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചിത്രകാരൻ എം.വി. ദേവന്റെ സ്മരണയിൽ ദേവായനം ചിത്ര ശില്പ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ ശരിയായ പ്രയാണത്തിന് ഇത്തരം എതിർശബ്ദങ്ങൾ അനിവാര്യമാണ്. കിട്ടാവുന്ന ലാഭം മോഹിച്ച് പലരും എതിർശബ്ദത്തിന് മടിക്കുന്നു. ദേവൻ മാഷ് അതിൽ നിന്നും തീർത്തും വ്യത്യസ്തനാണ്. പ്രതിഭകളെയല്ല നമുക്ക് വേണ്ടത്. മഹത്വമാർന്ന വ്യക്തികളെ നിത്യമായി ഓർമ്മിക്കുന്ന ആൾക്കൂട്ടങ്ങളെയാണ്. കാലമെത്ര കഴിഞ്ഞാലും, ചിത്രമായി, ശില്പമായി, വിമത ശബ്ദമായി ദേവൻ മാഷ് എവിടേയും നിറഞ്ഞുനിൽക്കുമെന്ന് മുകുന്ദൻ പറഞ്ഞു.
ചിത്രകാരൻ പി. ഗോപിനാഥിന് ലഭിച്ച, എം.വി. ദേവൻ സ്മാരക പുരസ്‌കാരം അദ്ദേഹത്തിന്റെ അഭാവത്തിൽ, ബിനു രാജ് കലാപീഠത്തിന് എം മുകുന്ദൻ സമ്മാനിച്ചു. കെ.കെ. മാരാർ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര ലളിതകലാ അക്കാഡമി മുൻ സെക്രട്ടറി എം. രാമചന്ദ്രൻ മുഖ്യഭാഷണം നടത്തി. പ്രമുഖ ചിത്രകാരന്മാരായ എൻ.കെ.പി. മുത്തുക്കോയ, ഡോ. എ.പി. ശ്രീധരൻ, ശാലിനി എം. ദേവൻ, ചാലക്കര പുരുഷു, ജമീല എം. ദേവൻ, പ്രശാന്ത് ഒളവിലം സംസാരിച്ചു. എം. ഹരീന്ദ്രൻ സ്വാഗതവും സുരേഷ് കൂത്തുപറമ്പ് നന്ദിയും പറഞ്ഞു.
രാജ്യത്തെ 150 പ്രശസ്ത ചിത്രകാരന്മാരുടെ ചിത്രശില്പ പ്രദർശനം മേയ് 15 വരെ നീണ്ടു നിൽക്കും.
ചിത്രവിവരണം.
ദേവായനം ചിത്ര ശില്പ പ്രദർശനം എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യുന്നു.