കാസർകോട്: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദർശന വിപണന മേള കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിൽ മേയ് മൂന്ന് മുതൽ 9 വരെ നടക്കുമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മേയ് നാലിന് വൈകീട്ട് 5ന് മേളയുടെ ഔപചാരികമായ ഉദ്ഘാടനം ജില്ലയുടെ ചുമതല കൂടിയുള്ള തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിക്കും. ഞങ്ങളും കൃഷിയിലേക്ക് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും ചടങ്ങിൽ പച്ചക്കറിതൈ വിതരണം ചെയ്ത് മന്ത്രി നിർവഹിക്കും. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ എം.പി, എം.എൽ.എമാർ, തദ്ദേശ ഭരണസ്ഥാപന ജനപ്രതിനിധികൾ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ജില്ലാ കളക്ടർ, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
മേയ് 4 ന് കോട്ടച്ചേരിയിൽ നിന്ന് ആലാമിപ്പള്ളി ബസ് സ്റ്റാൻഡ് വരെ വിപുലമായ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും. നിശ്ചല, ചലന ദൃശ്യങ്ങൾ, കുടുംബശ്രീ, ഹരിതകർമസേന, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് എന്നിവയുടെയും യൂത്ത് ക്ലബുകളുടെയും വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഘോഷയാത്രയ്ക്ക് മിഴിവേകും. ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജീവനക്കാർ ആശാവർക്കർമാർ, തൊഴിലുറപ്പ് പദ്ധതി പ്രവർത്തകർ, സാക്ഷരതാ പ്രവർത്തകർ, എൻ.എസ്.എസ്, സന്നദ്ധ സംഘടനകൾ എന്നിവർ ഘോഷയാത്രയുടെ ഭാഗമാകും. വിവര പൊതുജന സമ്പർക്ക വകുപ്പ് നേതൃത്വം നൽകി ജില്ലാ ഭരണകൂടം ഒരുക്കുന്ന ഒരാഴ്ച നീളുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ എന്റെ കേരളം തീം ഏരിയയ്ക്ക് പുറമെ ചെറുകിട വ്യവസായ സംരംഭങ്ങളുടെ 100 വിപണന സ്റ്റാളുകൾ, വിവിധ വകുപ്പുകളുടെ സേവനങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനുള്ള സ്റ്റാളുകൾ, വിവിധ വകുപ്പുകളുടെ വികസന ക്ഷേമ പ്രവർത്തനങ്ങളുടെ 70 സ്റ്റാളുകൾ, കാർഷിക പ്രദർശന വിപണന മേള , ടൂറിസം മേള, ശാസ്ത്രസാങ്കേതിക പ്രദർശനം , കുടുംബശ്രീ ഭക്ഷ്യമേള എന്നിവ മുഖ്യ ആകർഷണമാകും. പ്രദർശന വിപണനമേളയിലേക്ക് പ്രവേശനം തീർത്തും സൗജന്യമാണ്.