പഴയങ്ങാടി:പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ പഴയങ്ങാടി പൊലിസ് സറ്റേഷനിലെ എ.എസ്.ഐയെ വിജിലൻസ് സംഘം പിടികൂടി.വിളയാങ്കോട് സ്വദേശി എ .എസ് .ഐ പി.രമേശൻ (48)നെയാണ് പിടികൂടിയത്.മൊട്ടാമ്പ്രം മഞ്ഞരവളപ്പിലെ ശരത്ത്കുമാറിന്റെ പരാതിയിലാണ് എ.എസ്.ഐയെ വേഷം മാറിയെത്തിയ വിജിലൻസ് സംഘം പിടികൂടിയത്.
പാസ്പോർട് പരിശോധന സംബന്ധിച്ച് സ്റ്റേഷനിൽ വിളിച്ച് വരുത്തി 1000 രൂപയും ഒരു ലിറ്റർ മദ്യവും എ.എസ്. ഐ ആവശ്യപെട്ടതിനെ തുടർന്ന് ശരത്ത്കുമാർ കണ്ണൂർ വിജിലൻസിനെ സമീപിക്കുകയായിരുന്നു.വിജിലൻസ് നിർദേശ പ്രകാരം ഫിനോഫ്തത്തിലിൻ പൗഡർ പുരട്ടിയ രണ്ട് അഞ്ഞൂറിന്റെ നോട്ട് ശരത്തിന് നൽകുയായിരുന്നു. പഴയങ്ങാടി ബസ് സ്റ്റാൻഡിൽ വച്ച് പണം കൈമാറുമ്പോൾ വേഷം മാറി എത്തിയ വിജിലൻസ് സംഘം എ.എസ്.ഐയെ പിടികൂടി. പണം പിടികൂടുമ്പോൾ രണ്ട് ഗസറ്റഡ് ഒഫിസർമാരുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് സി.ഐമാരായ ഷാജി പട്ടേരി, പി.സുനിൽകുമാർ, എസ്.ഐമാരായ കെ.പി.പങ്കജാക്ഷൻ, കെ.ജഗദിഷ്.എ.എസ്.ഐമാരായ എൻ.വി.രമേശൻ, പി.പി.നികേഷ്,സ്പെഷ്യൽ പൊലീസ് ഓഫിസർമാരായ ഇ.കെ.രാജു, ഇ.വി.ജയശ്രീ, സുഗേഷ് എന്നിവർ അടങ്ങിയ വിജിലൻസ് സംഘമാണ് പ്രതിയെ പിടികൂടിയത്.