കണ്ണൂർ: മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. കഴിഞ്ഞ കാലവർഷത്തിൽ കെടുതിയുണ്ടായ പ്രദേശങ്ങൾക്ക് പ്രത്യേകശ്രദ്ധ നൽകണമെന്നും യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. നീരൊഴുക്കിലെ തടസ്സങ്ങൾ നീക്കുന്ന പ്രവൃത്തികൾക്കായി പുഴയോരങ്ങളുള്ള ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡന്റുമാരുടെ പ്രത്യേക യോഗം വിളിച്ചുചേർത്ത് ഇറിഗേഷൻ വകുപ്പിന്റെ സഹായത്തോടെ പ്രവൃത്തികൾ ആരംഭിച്ചതായി യോഗാധ്യക്ഷൻ കൂടിയായ ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ അറിയിച്ചു. ഓരോ പുഴയ്ക്കും ഒരു എക്സിക്യൂട്ടീവ് എൻജിനീയറെ ചുമതലപ്പെടുത്തിയാണ് ശുചീകരണ പ്രവൃത്തികൾ നടത്തുന്നതെന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കൂത്തുപറമ്പ് താലൂക്ക് ആശുപത്രി സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടം മൂന്ന് നിലകൾക്ക് പകരം അഞ്ചോ ആറോ നിലകളുള്ള കെട്ടിടമായി പണിയണമെന്ന കെ പി മോഹനൻ എം.എൽ.എയുടെ നിർദേശം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജറെ അറിയിച്ചതായി ഡി.എം.ഒ അറിയിച്ചു. ക്വാർട്ടേഴ്സ് പണിയാൻ കൂത്തുപറമ്പ് നരവൂർ ദേശത്തെ പുറമ്പോക്ക് ഭൂമിക്ക് ഉപയോഗാനുമതി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടതായും തുടർ നടപടികൾ പുരോഗമിക്കുന്നതായും ഡി.എം.ഒ പറഞ്ഞു.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപ വീതം ചെലവിൽ നിർമ്മിക്കുന്ന പള്ളിക്കുന്ന് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ അനുമതി തേടി കിഫ്ബിക്ക് കത്തയച്ചതായി കണ്ണൂർ കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു. പുഴാതി ഹയർ സെക്കണ്ടറി സ്‌കൂളിന്റെ എസ്റ്റിമേറ്റ് 15നകം കിഫ്ബിക്ക് സമർപ്പിക്കും.

മലയോര മേഖലകളിലെ വന്യമൃഗശല്യം പരിഹരിക്കാനാവശ്യമായ അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്ന് സജീവ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവ്വീസുകൾ പുനരാരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എമാരായ കെ.പി മോഹനൻ, സണ്ണി ജോസഫ്, സജീവ് ജോസഫ്, എം.പിമാരുടെയും എം.എൽ.എമാരുടെയും പ്രതിനിധികൾ, ജില്ലാ ഡവലപ്‌മെന്റ് കമ്മീഷണർ ജോൺ വി സാമുവൽ, സബ് കലക്ടർ അനുകുമാരി, പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

കുടിവെള്ള പദ്ധതിക്ക് ഭരണാനുമതി
എരമം കുറ്റൂർ, എരുവേശ്ശി, ഉദയഗിരി, നടുവിൽ, ആറളം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ പട്ടികവർഗ കോളനികളിലെ കടിവെള്ള പ്രശ്നപരിഹാരത്തിനായി വാട്ടർ അതോറിറ്റിയുടെ ഗാർഹിക കണക്ഷൻ നൽകുന്നതിന് ഭരണാനുമതി ലഭിച്ചതായും ടെൻഡർ നടപടികൾ പൂർത്തിയായി വരുന്നതായും വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു. പണി പൂർത്തിയാകുന്ന മുറയ്ക്ക് ജലവിതരണം നടത്തും. വേനൽക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് കോളനികളിൽ വാഹനങ്ങളിൽ വെള്ളമെത്തിക്കാൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയതായി ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസർ അറിയിച്ചു.